Thursday, May 23, 2024
spot_img

ഭാരതരത്ന പുരസ്കാരം മൂന്ന് പേർക്ക് കൂടി ! പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം.എസ്.സ്വാമിനാഥൻ എന്നിവർക്കും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി.മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്ന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇക്കുറി ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപിനേതാവുമായ എല്‍.കെ.അദ്വാനിക്കും നേരത്തെ ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു.

‘നമ്മുടെ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്ന നല്‍കി ആദരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളില്‍ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ്, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോളവിപണിയിലേക്ക് തുറന്നുകൊടുത്ത സുപ്രധാന നടപടികളാല്‍ അടയാളപ്പെടുത്തി. സാമ്പത്തിക വികസനത്തിന്റെ പുതിയൊരു യുഗം അദ്ദേഹം വളര്‍ത്തിയെടുത്തു.’ നരസിംഹ റാവുവിനെ കുറിച്ച് പ്രധാനമന്ത്രി ‘എക്‌സി’ല്‍ കുറിച്ചു.

‘വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യയെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ഇന്ത്യന്‍ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനത്തിനും ഗവേഷണത്തിനും പ്രോത്സാഹനവും ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ക്ക് ഞാന്‍ എപ്പോഴും വില കല്പിച്ചിരുന്നു.’ – എം.എസ്.സ്വാമിനാഥനെക്കുറിച്ച് പ്രധാനമന്ത്രി കുറിച്ചു.

“കര്‍ഷകരുടെ ക്ഷേമത്തിനായി ചൗധരി ചരണ്‍ സിങ് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാകട്ടെ, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാകട്ടെ ഇനി എം.എല്‍.എ. ആയിരുന്നപ്പോള്‍ കൂടിയും അദ്ദേഹം രാഷ്ട്രനിര്‍മിതിയ്ക്ക് പ്രചോദനമായി. അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരേ നിലകൊണ്ടു. കര്‍ഷക സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമായി അദ്ദേഹം നടത്തിയ ആത്മസമര്‍പ്പണം പ്രചോദനകരമാണ്” – ചൗധരി ചരണ്‍ സിങ്ങിനെപ്പറ്റി മോദി കുറിച്ചു.

ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളിയാണു സ്വാമിനാഥൻ. നേരത്തേ എംജിആറിന് ഭാരതരത്ന കിട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹം സ്വയം തമിഴനായാണ് വിശേഷിപ്പിച്ചത്. ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്താണു ജനിച്ചത്. കുംഭകോണത്തു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തിരുവിതാംകൂർ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ കാർഷിക കോളജിൽനിന്നു സ്വർണമെഡലോടെ ബിരുദം.നെതർലൻഡ്സിൽ കാർഷിക ഗവേഷണത്തിനുള്ള യുനെസ്കോ ഫെലോഷിപ്പിനുള്ള ക്ഷണം സ്വീകരിച്ചു. ഭാരതത്തിലെ ഗോതമ്പ് ഉൽപാദനത്തിൽ ചുരുങ്ങിയ കാലയളവിൽ വൻ വർധനവുണ്ടാക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991– 1996 കാലത്താണു രാജ്യത്തു സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത്. 1921 ജൂണ്‍ എട്ടിന് ആന്ധ്രാപ്രദേശിലെ കരിംനഗറിലാണു റാവുവിന്റെ ജനനം. കര്‍ഷകനും അഭിഭാഷകനുമായിരുന്ന റാവു, 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി. 1957 മുതല്‍ 1977 വരെ ആന്ധ്ര നിയമസഭാംഗവും 1977 മുതല്‍ 1984 വരെ ലോക്‌സഭാംഗവുമായിരുന്നു. 1984 ഡിസംബറില്‍ രാംടെക്കില്‍നിന്നാണ് എട്ടാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, മനുഷ്യവിഭവശേഷി മന്ത്രി തുടങ്ങിയ ചുമതലകളും വഹിച്ചു.

ഉത്തര്‍പ്രദേശിലെ നുര്‍പുരില്‍ 1902ലാണു ചരണ്‍ സിങ് ജനിക്കുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ചരണ്‍ സിങ് 1937ല്‍ ചപ്രോളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. പിന്നീട് ഉത്തർപ്രദേശിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. ഉത്തർപ്രദേശിലെ ഭൂപരിഷ്‌കരണത്തിന്റെ ശില്‍പിയും അദ്ദേഹമാണ്. 1979 ജൂലൈ 28 മുതൽ ഓഗസ്റ്റ് 20 വരെ പ്രധാനമന്ത്രിയായിരുന്നു.

Related Articles

Latest Articles