Friday, May 24, 2024
spot_img

അതിക്രൂര കൊലപാതകം ! രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് ; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് സുപ്രധാന വിധി. പ്രതികളെല്ലാം തന്നെ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരാണ്. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒന്ന് മുതൽ എട്ട് വരെയുള്ള വരെയുള്ള പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. മറ്റ് ഏഴുപേര്‍ക്കെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണുള്ളത്.

2021 ഡിസംബർ 19 ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ മണ്ണഞ്ചേരിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

രഞ്ജിത്തിന്‍റെ അമ്മ, ഭാര്യ, മകള്‍ എന്നിവരെ പ്രോസിക്യൂഷന്‍ സാക്ഷികളാക്കി വിസ്തരിച്ചിരുന്നു. അഡ്വ. പ്രതാപ് ജി.പടിക്കലാണ് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടിമുതലുകളുമാണ് കോടതിയിൽ തെളിവായി ഹാജരാക്കിയത്. അതേസമയം, നേരത്തെ കാക്കനാട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ പിന്നീട് മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റിയിരുന്നു. കൂടാതെ, വിചാരണ ആലപ്പുഴ ജില്ലയില്‍ നിന്ന് മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

Related Articles

Latest Articles