ഗുവാഹത്തി: അസമിൽ ജീൻസ് ധരിച്ചതിന്റെ പേരിൽ മുസ്ലീം പെൺകുട്ടിയെ (Muslim Girl Assaulted) മതനേതാവ് മർദ്ദിച്ചു. അസമിലെ ബിശ്വനാഥ് ചാരിയാലി ടൗണിൽ ആണ് സംഭവം നടന്നത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയെയാണ് മതനേതാവ് ക്രൂരമായി മർദിച്ചത്. വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം ഒരു ഹെഡ്‍ഫോൺ വാങ്ങുന്നതിനായാണ് പെൺകുട്ടി കടയിലേക്ക് പോയത്. ജീൻസും കുർത്തിയുമായിരുന്നു വേഷം. എന്നാൽ കടയുടമയായ നൂറുൽ അമീൻ കുട്ടിയെ അധിക്ഷേപിച്ച് കടന്നാക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കുകയും, “വേശ്യകൾ മാത്രമേ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുകയുള്ളൂവെന്നും മുസ്ലീം പെൺകുട്ടികൾ ബുർഖ ധരിക്കണമെന്നും” പറഞ്ഞ് അധിക്ഷേപിച്ചു. തന്റെ വീട്ടിലെ എല്ലാ സ്ത്രീകളും ബുർഖയും ഹിജാബും ധരിക്കാറുണ്ടെന്നും ജീൻസ് ധരിച്ച് തന്റെ വീട്ടിൽ പ്രവേശിക്കാൻ അവൾ എങ്ങനെ ധൈര്യപ്പെട്ടുവെന്നും മതനേതാവ് കൂടിയായ നൂറുൽ അമീൻ ചോദിച്ചു.
എന്നാൽ തന്റെ കുർത്തിയും ജീൻസും മോശം വസ്ത്രമല്ലെന്നും ഗ്രാമത്തിൽ ആരും തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞുകൊണ്ട് ആ പെൺകുട്ടി അയാളെ എതിർത്തു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും അവൾ പറഞ്ഞു. ഇത് കേട്ട് നൂറുൽ അമീൻ പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കി അധിക്ഷേപിക്കുകയായിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ മൂന്ന് ദിവസത്തിന് ശേഷം, നൂറുൽ അമീന്റെ രണ്ട് മക്കളായ റഫീഖുൽ ഇസ്‌ലാം, ഷാഹിദുൽ ഇസ്‌ലാം എന്നിവർ പെൺകുട്ടിയുടെ പിതാവിനെ റോഡിലിട്ട് മർദ്ദിച്ചു. അമീന്റെ രണ്ട് ആൺമക്കൾ തന്നെ പലതവണ ചവിട്ടുകയും ഇടിക്കുകയും ചെയ്തെന്നും റോഡിൽവെച്ച് തന്റെ കണ്ണട പൊട്ടിച്ചെന്നും പെൺകുട്ടിയുടെ പിതാവ് അയൂബ് ഖാൻ പറഞ്ഞു. എന്നാൽ ഇസ്‌ലാമിന്റെ താലിബാൻ ശൈലി അടിച്ചേൽപ്പിക്കാനാണ് നൂറുൽ അമീൻ ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നും അയൂബ് ഖാൻ പറഞ്ഞു.

