Tuesday, April 30, 2024
spot_img

കരുവന്നൂർ വെറും സാംപിൾ; സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിനെതിരെയും നിരവധി പരാതികൾ; വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്

പത്തനംതിട്ട: കോടികളുടെ കുംഭകോണമാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. എന്നാൽ ഇതിനുപിന്നാലെ നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ബാങ്കിൽ ഇടപാടുകാ‍ർ അറിയാതെ സ്ഥിരം നിക്ഷേപത്തിൽ നിന്ന് മറ്റ് ചിലർക്ക് വായ്പ കൊടുക്കുന്നുവെന്നാണ് ആരോപണം. സസ്പെൻഡ് അക്കൗണ്ടിൽ കൃത്യമം കാണിച്ച രേഖകളും കോൺഗ്രസ് ഒരു മാധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നു. വർഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃത്രിമ രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് ബാങ്കിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ. നിക്ഷേപകർ പണം തിരികെ ചോദിക്കുമ്പോൾ ബാങ്കിലെ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട സസ്‌പെൻഡ് അക്കൗണ്ടിൽ നിന്ന് പണം മറിച്ച് നൽകിയതിന്റെ രസീതുകളും കോൺഗ്രസ് ഇതോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം 2013 മുതൽ ബാങ്കിൽ കൃതൃമ രേഖകൾ ഉപയോഗിച്ചാണ് ഓഡിറ്റ് നടത്തുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ഭരണ സമിതി ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നെന്നാണ് മറ്റൊരു ആരോപണം. കേരള ബാങ്കിൽ നിന്ന് സ്വർണ പണയത്തിൻ മേൽ, ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ കിട്ടിയ 7 കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പ കിട്ടാതെയായി. നിലവിൽ സെക്രട്ടറി ബാങ്കിൽ നിന്ന് മാറി നിൽക്കുകയാണ്. പണം പിൻവലിക്കാൻ വരുന്ന നിക്ഷേപകരോട് സെക്രട്ടറി ഇല്ല എന്ന കാരണം പറയുകയാണ് ജീവനക്കാർ. സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ വാദം. ഇതു ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഇവിടെ നിരവധി ദിവസങ്ങളായി സമരത്തിലാണ്.

Related Articles

Latest Articles