Tuesday, May 7, 2024
spot_img

ഇറാഖിൽ ഭീകരാക്രമണം; സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഇടിച്ചിറങ്ങി; മുസ്തഫ അൽഖാദിമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബാഗ്ദാദ്: ഇറാഖിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് നേരെ ഡ്രോൺ ആക്രമണം (Drone Attack). പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
നിരവധി പേർക്ക് പരിക്കേറ്റതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ താൻ സുരക്ഷിതൻ ആണെന്നും, പരിക്കുകളില്ലെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ വസതിക്ക് നേരെ ഇടിച്ചിറങ്ങുകയായിരുന്നു. തുടർന്ന് ഡ്രോൺ പൊട്ടിത്തെറിച്ചു. അതേസമയം ആക്രമണത്തെ തുടർന്ന് ബാഗ്ദാദിലെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്. ഏതാനും നാളുകൾക്ക് മുമ്പ് ഗ്രീൻ സോണിന് സമീപം പ്രതിഷേധം നടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സായുധ സംഘങ്ങളിലെ അംഗങ്ങളാണ് ഗ്രീൻസോണിലെത്തി പ്രതിഷേധിച്ചത്. ഇതിനുപിന്നാലെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles