Thursday, May 2, 2024
spot_img

‘കൊമ്പൻ’ ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ഡ്രൈവർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കൊല്ലം: കോളേജ് വിദ്യാർഥികളുടെ വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഡ്രൈവറുൾപ്പെടെ നാലു പേർക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്.

പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം മോട്ടാർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ‘കൊമ്പൻ’ ബസിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ബസിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബസിനുള്ളിലെ സ്‌മോക്കറും നീക്കം ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബസിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടുണ്ട്.

കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് ‘കൊമ്പൻ’ വിവാദത്തിലായത്. പൂത്തിരിയിൽ നിന്ന് ബസിലേക്ക് പടർന്ന തീ ജീവനക്കാർ അണയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. വിദ്യാർത്ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴ വച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ, പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനം ഒരുക്കിയതായി കണ്ടെത്തി. ഇതിന് പിന്നാലെ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. സംഭവത്തിൽ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. ഇതാദ്യമായല്ല, നിയമലംഘനങ്ങളുടെ പേരിൽ ‘കൊമ്പൻ’ പിടിയിലാകുന്നത്. ലേസർ, വർണ ലൈറ്റുകളുടെ ഉപയോഗം, അമിതമായ ശബ്ദം എന്നിവയുടെ പേരിൽ മുമ്പും മോട്ടോർ വാഹന വകുപ്പ് ‘കൊമ്പന്’ ശിക്ഷ ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles