Monday, May 6, 2024
spot_img

‘ഇന്തദേഹം മറൈന്താലും ഇസയായ് മലർവേൻ…’ എസ് പി ബി ഇല്ലാത്ത ഒരാണ്ട്…

ഇന്ത്യന്‍ സംഗീത ലോകത്തെ പകരം വയ്ക്കാനില്ലാത്ത പേരുകളിലൊന്നാണ് എസ്.പി. ബാലസുബ്രഹ്മണ്യം (SPB Balasubrahmanyam). ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന എസ്പിബി എന്ന നാദം നൊമ്പരപ്പെടുത്തുന്ന ഓർമപ്പെടുത്തലായിട്ട് ഇന്ന് ഒരു വർഷമാകുന്നു. എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമദിനത്തിൽ കേട്ട് മതിവരാത്ത ഗാനങ്ങൾ അദ്ദേഹത്തെ അനശ്വരനാക്കുന്നു.
കേൾവിക്കാരന്റെ ആത്മാവിലലിയുന്ന സംഗീതമായാണ് എസ് പി ബിയെ ഓരോ ആരാധകരും ഓർക്കുന്നത്. കോവിഡ്‌ ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകന്‍. ഒത്തൊരുമയോടെ പ്രതിസന്ധികളെ നേരിടണം എന്ന് അവസാനം വരെ പാടി പഠിപ്പിച്ച ഗായകൻ. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് കോവിഡ് കാലത്ത് റഫീഖ് അഹമ്മദ് എഴുതിയ ഒരു പാട്ടാണ് അദ്ദേഹം അവസാനം പാടിയത്.

ആരാധകരോടൊത്ത് ആടിയും പാടിയും ഹൃദയം കീഴടക്കിയ അതുല്യ ഗായകൻ

എസ്‌.പി.ബി.യെപ്പോലെ ജനങ്ങളോടൊത്തു പാടിയ, ആടിയ മറ്റൊരു ഗായകനെ നമുക്ക്‌ പരിചയമില്ല. ഇവിടെ ഗായകൻ ഗായകൻ മാത്രമായി നിശ്ചലനായിനിന്നപ്പോൾ ആടിയും പാടിയും സംവദിച്ചും സദസ്സും വേദിയും തമ്മിലുള്ള വിഭാഗീയതയില്ലാത്ത ഒരു കലാമണ്ഡലം തീർക്കുകയായിരുന്നു ഈ ഗായകൻ.സിദ്ധനായ കലാകാരനും സിദ്ധാർഥനായ മനുഷ്യനും ഒന്നായപ്പോൾ എസ്‌.പി.ബി. പിറന്നു. ഇന്ത്യൻ വേദി കണ്ട ഏറ്റവും വലിയ പെർഫോർമർ!

“ശങ്കരാഭരണം” എന്ന ഒറ്റ ഗാനം മതി എസ്പിബി എന്ന ഗായകനെ അറിയാൻ…..

ശങ്കരാഭരണം’ (1980) ആ ശബ്ദത്തിന്റെ മാറ്റുതെളിയിക്കുകയായിരുന്നു. ഇത്രയും സഞ്ചാരസ്വാതന്ത്ര്യമുള്ളൊരു ശബ്ദം അപൂർവം. മന്ദ്രസ്ഥായികളിൽ അത്‌ യേശുദാസിന്റെ പാതാളധ്വനിക്കൊപ്പമല്ലെങ്കിലും താരസ്ഥായികളിൽ മുഹമ്മദ്‌ റാഫിക്കൊപ്പംതന്നെ!
ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ലെന്നു പറഞ്ഞ്‌ എല്ലാവരും എസ്‌.പി.ബി.യുടെ ‘അജ്ഞത’യെ പുഛിക്കാറുണ്ടായിരുന്നു ആദ്യകാലങ്ങളിൽ. പഠിക്കാത്തവൻ പാടാൻ പാടില്ല എന്ന്‌ നിയമമുണ്ടോ? സംഗീതം പഠിക്കാതെയാണ്‌ എസ്‌.പി.ബി. ശങ്കരാഭരണം പാടി ജയിച്ചതെന്ന്‌ അഭിമാനിക്കുന്നവർ, വളരെമുമ്പ്‌ എസ്‌. ജാനകി പാടിയ അദ്‌ഭുതങ്ങൾ അറിഞ്ഞിട്ടില്ല. സംഗീതം പഠിച്ചിട്ടില്ലാത്ത ജാനകി കാരൈക്കുടി അരുണാചലത്തിന്റെ നാഗസ്വരത്തെ വെല്ലുവിളിക്കുകയായിരുന്നു (‘ശിങ്കാരവേലനെ ദേവാ…’ കൊഞ്ചും ശിലങ്കൈ). എന്നാൽ, എസ്‌.പി.ബി. എത്തിയത്‌ ‘ജ്ഞാനസ്ഥനാ’യിട്ടുതന്നെയാണെന്നുകാണാം. ഹരികഥാകാലക്ഷേപത്തിന്റെ മഹാപാരമ്പര്യത്തിൽനിന്ന്‌ ഊർജംനേടി, തിരുവയ്യാറിൽ ജ്ഞാനസ്നാനംചെയ്ത്‌ ഊഞ്ഛവൃത്തികളിൽനിന്ന്‌ പുണ്യംസഞ്ചയിച്ച്‌ ഗായക-സത്‌സംഗങ്ങളിൽനിന്ന്‌ കേൾവിജ്ഞാനവുമായി വന്നെത്തിയവനായിരുന്നു ഈ ബാലസുബ്രഹ്മണ്യൻ.

ഹരികഥാകാലക്ഷേപം മലയാളികൾ വിചാരിക്കുന്നതുപോലെ കഥാപ്രസംഗമല്ല. അത്‌ ദ്രാവിഡകലാപൈതൃകത്തിന്റെ സുവർണഖനിയാണ്. സംഗീതസാഹിത്യങ്ങളുടെയും അഭിനയത്തിന്റെയും അനുബന്ധകലകളുടെയും സമാരോഹമാണ്‌. പുരന്ദരദാസിനെപ്പോലെയുള്ള പരമാചാര്യന്മാരിൽനിന്ന്‌ ആരംഭിച്ച്‌ പഞ്ചാപകേശവഭാഗവതർ മാങ്കുടി ചിദംബരഭാഗവതർ എന്നീ ഉഗ്രമൂർത്തികളിലൂടെ ദക്ഷിണഭാരതം മുഴുവൻ പ്രതാപംപുലർത്തിയിരുന്നു ഇൗ പ്രൗഢകല! എസ്‌.പി.ബി.യുടെ പിതാവ്‌ സാംബമൂർത്തി ഈ രംഗത്ത്‌ പിന്നീട്‌ പ്രശസ്തനായി. ഒരു ഗായകനും നടനുംവേണ്ട ശബ്ദവിന്യാസരീതികളും ഭാവപ്രകാശന നൈപുണ്യവും പഠിക്കാൻ ഹരികഥപോലെ തുണയ്ക്കുന്ന മറ്റൊരു സർവകലാശാലയുമില്ല. എസ്‌.പി.ബി. അവിെട വിദ്യാർഥിയായിരുന്നു. ഗ്രഹണശേഷിയിലാകട്ടെ ഈ മിടുക്കന്‌ ഭോജകഥയിലെ ഏത്‌ ‘ഏകഗ്രാഹി’യെയും തോൽപ്പിക്കാനാവും.

ശങ്കരാഭരണത്തിന്റെ സംഗീത (Music Director) സംവിധായകൻ കെ.വി. മഹാദേവൻ ഡോ. ബാലമുരളീകൃഷ്ണയെ ധ്യാനിച്ചിരിക്കുകയായിരുന്നു. സഹസംവിധായകൻ പുകഴേന്തിയാകട്ടെ എസ്.പി. ബാലസുബ്രഹ്മണ്യത്തെ സ്വപ്നംകാണുകയുമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പരിശീലനത്തിന്റെ കൊടുംതൊഴുത്തിൽ അദ്ദേഹം എസ്.പി.ബി. എന്ന പ്രതിഭയെ കറന്നെടുക്കുകതന്നെ ചെയ്തു. ശങ്കരാഭരണഗാനങ്ങൾ ശെമ്മാങ്കുടിയെപ്പോലും അദ്‌ഭുതപ്പെടുത്താൻ മറ്റൊരു കാരണവുമില്ല. ഗായകന്റെ ജനിതകഘടനയിൽ അങ്കനംചെയ്യപ്പെട്ട സപ്തസ്വരാവലികൾ അഭ്യാസബലത്താൽ ഉണർന്നു. ‘ശങ്കരാ…’ എന്ന നിലവിളിയിൽ തന്റെ നാദശരീരത്തെ നഗ്നമാക്കുകയായിരുന്നു എസ്.പി.ബി. മലയാളഗാനങ്ങൾ പക്ഷേ, എസ്.പി.ബി.ക്കൊപ്പം ഉയർന്നില്ല. ആദ്യം പാടിയ മലയാളഗാനം ‘ഈ കടലും…’ (കടൽപ്പാലം) വയലാറെഴുതിയിട്ടും ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്തിട്ടും ‘മലയാള’മായില്ല. ഉച്ചാരണംമാത്രമല്ല തമിഴ്‌ചുവയും പ്രശ്നമായി. ‘തമിഴ്ബാണി’യുടെ ഏറ്റവും മികച്ച ഗായകനാണ് എസ്.പി.ബി. ശീർകാഴിയെയും സൗന്ദരരാജനെയും മെച്ചപ്പെടുത്തിയാൽ എസ്.പി.ബി.യിലെത്തിച്ചേരാം.

ഉച്ചാരണപ്പേടി കലശലായിരുന്നു ഈ ഗായകന്. ഉച്ചാരണം ശരിയാവുന്നില്ലെന്ന്്‌ എം.എസ്. വിശ്വനാഥൻ താക്കീതുചെയ്ത് വിട്ടതാണ്. ശ്രീകുമാരൻ തമ്പി മലയാളം അധ്യാപകനെപ്പോലെ ഉച്ചാരണം പഠിപ്പിച്ചിട്ടുണ്ട്. റെക്കോഡിങ് സ്റ്റുഡിയോയിൽ ചിത്രയോട് സംശയം തീർക്കാൻ ബദ്ധപ്പെടുന്ന എസ്.പി.ബി.യെ കണ്ടവരുണ്ട്. എന്നാൽ, എസ്.പി.ബി. മലയാളത്തെ ഒരഗാധസ്പർശംകൊണ്ട് ഉന്മത്തമാക്കി. ഒരൊറ്റഗാനംകൊണ്ടുതന്നെ അദ്ദേഹം രവീന്ദ്രസംഗീതത്തെ തന്റെ ശബ്ദത്തിൽ കോരിയെടുത്തു. ‘പാൽനിലാവിലേ…’ (ബട്ടർഫ്ലൈസ്) എന്ന പാട്ടിൽ നിലാവിരമ്പുന്നതുകേൾക്കാം. എസ്.പി.ബി. നിലാവിന്റെ പാട്ടുകാരനാണ്. ‘ആയിരം നിലവേവാ…’ (അടിമപ്പെൺ) എന്ന് പാടിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്കുവരുന്നത്. തുടർന്ന് നിലാപ്പെയ്ത്തുപോലെ നിരവധി ഗാനങ്ങൾ… ഇളയനിലാ പൊഴികിറതേ… ഇദയംവരെ നനൈക്കിറതെ…’ എന്നുതന്നെയാണ് ഓരോ പാട്ടിലെയും അനുഭവം. എസ്.പി.ബി.യുടെ തമിഴ് -ഹിന്ദി ഗാനങ്ങളെല്ലാം മലയാളികൾക്ക് സ്വന്തമാണ്. മലരേ… എന്ന ഗാനം എത്രയോ കാലമായി അവർ ചുണ്ടിൽ ചൂടിനടക്കുന്നു.
‘തേരെ മേരെ ബീച് മേ (ഏക് ദുജേ കേലിയേ) എന്ന ഹിന്ദിഗാനം എസ്.പി.ബി.യെ ഇന്ത്യയിലെ ഏറ്റവും വലിയ ഗായകനാക്കി ഉയർത്തി. ദേശീയ അവാർഡ് സമ്മാനിച്ചു. ഇതേ ഗാനം ലതയുടെയും സ്വരത്തിൽ കേൾക്കാം. ഇടയ്ക്കിടെ കമൽഹാസന്റെ തമിഴ് കൊഞ്ചലും. രസകരം! ജനം പക്ഷേ കൊതിച്ചത് എസ്.പി.ബി.യുടെ പാടൽ.വ്യത്യസ്തകഥാപാത്രങ്ങൾക്കുവേണ്ടി ശ്രുതിഭേദംചെയ്തുപാടാനുള്ള അപൂർവ വൈഭവം എസ്.പി.ബി.യെ പുതിയകാലത്തിന്റെ ഗായകനാക്കി.

കമൽഹാസന്റെയും രജനീകാന്തിന്റെയും ശബ്ദമായിത്തീർന്നു ഈ ഗായകൻ. ഡബ്ബിങ്ങിൽ ‘ദശാവതാര’ങ്ങളെടുത്തുകൊണ്ട് അദ്ദേഹം ശബ്ദകലയിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ചു. സംഗീതസംവിധായകനും (65 സിനിമകൾ) നടനും (74) നിർമാതാവുമൊക്കെയായി അദ്ദേഹം സിനിമാലോകത്ത് യഥേഷ്ടം വിഹരിക്കുകയായിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിനൊറ്റയ്ക്കുതന്നെ സിനിമയെടുക്കാമായിരുന്നു. അത്രയും സ്വയംപര്യാപ്തനായൊരു കലാകാരനും സിനിമയിലുണ്ടാവില്ല.

മറ്റൊരു ഗായകനും ചിന്തിക്കാൻ പോലും കഴിയാത്ത പുരസ്‌ക്കാരത്തിളക്കം

അവാർഡുകളുടെയും പുരസ്കാരങ്ങളുടെയും ഇടയിൽ എസ്.പി.ബി. വല്ലാതെ ഞെരുങ്ങി. ഡസൻ കണക്കിന് സംസ്ഥാന അവാർഡുകളും അരഡസൻ ദേശീയ അവാർഡുകളും ചാർത്തി ആ പ്രതിഭയെ പരിമിതപ്പെടുത്തുന്നത് ന്യായമാവില്ല. നാല്പതിനായിരത്തിലേറെ ഗാനങ്ങൾ, പതിനാറിലേറെ ഭാഷകളിലായി പാടിവെച്ചൊരു ഗായകനെ അതിശയിക്കാൻ ഇനി ആരെങ്കിലും ഗിന്നസിലെത്തുമെന്ന്‌ പ്രതീക്ഷിച്ചുകൂടാ. വിജയകിരീടങ്ങളെല്ലാം എസ്.പി.ബി. വിനയകിരീടങ്ങളായി ചൂടി. യേശുദാസിന്റെ കാൽകഴുകിച്ചൂട്ടിയതും ശബരിമലയിലെ ഡോളിചുമട്ടുകാരുടെ കാൽതൊട്ടുവന്ദിച്ചതും ‘ഈഗോ അവതാരങ്ങളാ’യ കലാകാരന്മാരിൽനിന്ന്‌ ഒട്ടും പ്രതീക്ഷിക്കാവുന്നതല്ല. ശങ്കരാഭരണത്തിനുകിട്ടിയ അവാർഡ്, അതിന്‌ തന്നെ യോഗ്യനാക്കിയ പുകഴേന്തിക്ക്‌ സമ്മാനിക്കുകയായിരുന്നു. ഒരിക്കൽ ഒരു പാട്ടുപാടി ശരിയാകാതെ വന്നപ്പോൾ അദ്ദേഹം സംഗീതസംവിധായകനോട് ചോദിച്ചു: ‘ഇത് ദാസ അണ്ണന്റേതല്ലേ?’ എന്ന്. എസ്.പി.ബി. ഒരു കാലഘട്ടത്തിന്റെ ഹംസഗാനമായിരുന്നു. കോവിഡാനന്തരകാലം പതിനായിരങ്ങളുടെ വൻസദസ്സുകളും ആർപ്പുവിളികളുമായി ‘സ്റ്റേജ്‌ഷോകൾ’ ഒരുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എസ്.പി.ബി.യെപ്പോലെ ഒരു പെർഫോർമറെ ആരും കാത്തുനിൽക്കുകയുമില്ല. അദ്ദേഹം അവശേഷിപ്പിച്ചുപോയ ദൃശ്യ-ശ്രവ്യ അനുഭവങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നുമില്ല.

Related Articles

Latest Articles