Thursday, May 23, 2024
spot_img

തീവ്രവാദ ബന്ധം; കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ അഞ്ച് പേർ അറസ്റ്റിൽ; മുഖ്യ സൂത്രധാരൻ, 1996 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം നടത്തിയ അൽ ഉമ്മ സ്ഥാപകൻ ബാഷയുടെ സഹോദര പുത്രൻ, അന്വേഷണം തുടരുന്നു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഉക്കടത്ത് ക്ഷേത്രത്തിന് സമീപം വച്ചാണ് സ്‌ഫോടനമുണ്ടായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പ്രതികൾ. പ്രതികളെല്ലാവരും സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി വളരെ അടുത്ത ബന്ധം പുലർത്തിയവരായിരുന്നുവെന്നാണ് വിവരം. അതിനാൽ തന്നെ പ്രതികൾക്ക് തീവ്രവാദബന്ധമുള്ളതായിയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും പ്രതികൾക്ക് പങ്കുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

1996 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം നടത്തിയ അൽ ഉമ്മ സ്ഥാപകൻ ബാഷയുടെ സഹോദര പുത്രനാണ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ. ഇതിന്റെ ഭാഗമായി അൽ ഉമ സംഘടന തലവൻ ആയ ബാഷയുടെ സഹോദരന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സംഘത്തിന്റെ തലവനായ ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെയാണ് പോലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്.

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കാർ പൂർണമായി കത്തി നശിച്ചിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം ശേഖരിച്ചത്.

ദൃശ്യങ്ങളിൽ നിന്നും ലഭിച്ചത് നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നതാണ്. അതേസമയം, സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണ്. ഈ വിവരം ലഭിച്ചതാണ് അന്വേഷണ സംഘത്തിന് സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles