Thursday, May 9, 2024
spot_img

ഇന്ത്യൻ കമ്പനി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് ഫോക്സ്‌കോൺ പിന്മാറി ; രാജ്യത്തിന്റെ സെമികണ്ടക്‌ടർ വികസന പദ്ധതിയുമായും കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെയും തുടർന്നും പിന്തുണയ്ക്കുമെന്ന് കമ്പനി

ദില്ലി : ഇന്ത്യൻ കമ്പനി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് തായ്‌വാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയായ ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പ് (ഫോക്‌സ്‌കോൺ) പിൻമാറി. ഗുജറാത്തിൽ ഒന്നരലക്ഷം കോടി ചെലവിൽ സെമികണ്ടക്‌ട‌ർ ഉത്പാദന, ഡിസ്‌പ്ളേ പ്രൊഡക്‌ഷൻ പ്ളാന്റുകൾ സ്ഥാപിക്കാൻ വേദാന്തയുമായി ഒരു വർഷം മുമ്പുണ്ടാക്കിയ കരാറിൽ നിന്നാണ് ഫോക്സ്‌കോൺ ഇപ്പോൾ പിന്മാറിയിരിക്കുന്നത്.

സംരംഭത്തിൽ നിന്ന് പിന്മാറിയെങ്കിലും ഇന്ത്യയുടെ സെമികണ്ടക്‌ടർ വികസന പദ്ധതിയുമായി തുടർന്നും സഹകരിക്കുമെന്നും കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ തുടർന്നും പിന്തുണയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പദ്ധതിക്കായി മറ്റൊരു പങ്കാളിയെ കണ്ടെത്തുമെന്നാണ് വേദാന്ത പ്രതികരിച്ചത്. 40 എൻ.എം പ്രൊഡക്ഷൻ-ഗ്രേഡ് സാങ്കേതികവിദ്യയ്ക്കുള്ള ലൈസൻസുള്ളതിനാൽ സെമികണ്ടക്ടർ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന നിലപാടിലാണ് വേദാന്ത.

അതെ സമയം സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറാനുള്ള ഫോക്‌സ്‌കോണിന്റെ തീരുമാനം ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതി ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. രണ്ട് കമ്പനികൾക്കും ഇപ്പോഴും ഇന്ത്യയിൽ കാര്യമായ നിക്ഷേപമുണ്ടെന്നും തൊഴിലവസരങ്ങളും വളർച്ചയും സൃഷ്ടിക്കുമെന്നും സ്വകാര്യ കമ്പനികൾ തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്നും കൂട്ടിച്ചേർത്തു.

Related Articles

Latest Articles