Friday, May 17, 2024
spot_img

പരോളിനിറങ്ങിയ പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ വൻ ട്വിസ്റ്റ്; പ്രതികളുടെ മൊഴി കേട്ട് അമ്പരന്ന് പോലീസ്

നരുവാമൂട്: തിരുവനന്തപുരത്ത് പരോളിനിറങ്ങിയ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷിനെ വെട്ടിക്കൊന്നത് ശല്ല്യം സഹിക്ക വയ്യാതെയാണെന്ന് പ്രതികളുടെ മൊഴി. അനീഷിന്റെ ബന്ധുക്കളടക്കം അഞ്ച് യുവാക്കളാണ് കേസിലെ പ്രതികള്‍. എന്നാൽ പ്രതികള്‍ക്ക് ആര്‍ക്കും തന്നെ ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ് വ്യക്തമാക്കി.

വീട്ടിലെ സ്ത്രീകളെ ശല്ല്യം ചെയ്തതും, ഗുണ്ടാപ്പിരിവുമെല്ലാം കാരണമാണ് കാക്ക അനീഷിനെ കൊന്നതെന്നാണ് യുവാക്കള്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. രണ്ടാഴ്ച മുന്‍പാണ് കാക്ക അനീഷ് ജയിലില്‍ നിന്ന് ഇറങ്ങിയത്. മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ഗുണ്ടയായ ഇയാള്‍ കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയുമാണ്. സ്ഥിരം ക്രിമിനലായ ഇയാളെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ പോലീസ് ആദ്യം കരുതിയത് കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാകുമെന്നാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികളെന്ന് വ്യക്തമായത്. ഇവരില്‍ ഒരാള്‍ പോലും ഒരു കേസിലും പ്രതിയായിട്ടില്ല. രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കളുമാണ്.

കൊലപാതകം നടന്ന ദിവസവും മദ്യ ലഹരിയിലായിരുന്ന കാക്ക അനീഷ് പ്രതികളെ ചീത്ത വിളിച്ചു. തുടര്‍ന്ന് അനീഷ് കത്തി വീശുകയും പ്രതികളിലൊരാളായ അരുണിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്‌ത്തുകയും, കത്തി പിടിച്ച് വാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

അതേസമയം സ്ഥിരം കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. കേസില്‍ പ്രതികളായ അഞ്ച് പേരെയും പലതവണ ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി മോശമായി പെരുമാറുന്നതും പതിവായിരുന്നു. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ ഇയാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെ അനീഷ് ചീത്തവിളിച്ചതും, വൈരാഗ്യത്തിന് കാരണമായി എന്നാണ് പോലീസ് പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles