ദുബായ് : ഇന്നലെ ദുബായിൽ നടന്ന ഇന്ത്യ – ഹോങ്കോങ്ങ് ടി 20 മത്സരത്തിൽ ഇന്ത്യ വിജയിച്ചതോടെ ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ ടീം ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഏഷ്യാ കപ്പ് 2022 മത്സരത്തിൽ സൂപ്പർ 4 ഘട്ടത്തിലേയ്ക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം മാറി. നേരത്തെ, ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്റെ തകർപ്പൻ വിജയം സൂപ്പർ 4 ഘട്ടത്തിൽ അഫ്ഗാനിസ്ഥാന് ഇടം നേടി കൊടുത്തു . ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയിലോ ബംഗ്ലാദേശിലോ ഒരാൾ മാത്രമേ അടുത്ത റൗണ്ടിൽ കടക്കുകയുള്ളൂ.
ഹോങ്കോങ്ങിനെതിരായ അർദ്ധ സെഞ്ചുറിയ്ക്ക് ശേഷം 2022 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിൽ വിരാട് കോഹ്ലിയാണ് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം. രണ്ട് മത്സരങ്ങളിൽ നിന്ന് 94 റൺസാണ് മുൻ ഇന്ത്യൻ നായകന്റെ സമ്പാദ്യം. ഹോങ്കോങ്ങിനെതിരെ അർദ്ധസെഞ്ചുറി നേടി 86 റൺസുമായി സൂര്യകുമാർ യാദവാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. രണ്ട് മത്സരങ്ങളിൽ നിന്ന് 60 റൺസ് നേടിയ അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുള്ള സസായിയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം. സസായിയുടെ ടീമംഗങ്ങളായ ഇബ്രാഹിം സദ്രാനും റഹ്മാനുള്ള ഗുർബാസും ആദ്യ അഞ്ച് പട്ടികയിൽ ഇടം നേടി.

