Tuesday, May 7, 2024
spot_img

മൊഹാലി ടെസ്റ്റ് ഇന്ത്യക്ക് തിളക്കമാർന്ന വിജയം; ഇന്ത്യൻ ജയം ഇന്നിങ്സിനും 222 റൺസിനും; പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി

മൊഹാലി: ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് ഇന്നിങ്സിന്റെയും 222 റൺസിന്റെയും തിളക്കമാർന്ന ജയം. 400 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 178 റൺസിന് എല്ലാവരും പുറത്തായി. മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ 100 ആമത് ടെസ്റ്റ് മത്സരമായിരുന്നു മൊഹാലിയിലേത്. രണ്ടു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ അനായാസ വിജയം. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്സിലുമായി ശ്രീലങ്കയുടെ 16 വിക്കറ്റുകളാണ് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടത്. പുറത്താകാതെ 175 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായ ജഡേജ, രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റും വീഴ്ത്തി. ഇതോടെ, രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. സ്കോർ: ശ്രീലങ്ക 174 & 178, ഇന്ത്യ – 574/8 ഡിക്ലയേർഡ്.

രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയുടെ ടോപ് സ്കോറർ 81 പന്തിൽ ഒൻപതു ഫോറുകൾ 51 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷൻ ഡിക്‌വല്ലയാണ്. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ (46 പന്തിൽ 27), എയ്ഞ്ചലോ മാത്യൂസ് (75 പന്തിൽ 28), ധനഞ്ജയ ഡിസിൽവ (58 പന്തിൽ 30), ചാരിത് അസലങ്ക (ഒൻപത് പന്തിൽ 20) എന്നിവരാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. അതേസമയം, ഓപ്പണർ ലഹിരു തിരിമാന്നെ (0), ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ പാത്തും നിസ്സങ്ക (19 പന്തിൽ ആറ്), സുരംഗ ലക്മൽ (0), ലസിത് എംബുൽദെനിയ (42 പന്തിൽ രണ്ട്), വിശ്വ ഫെർണാണ്ടോ (0), ലഹിരു കുമാര (4) എന്നിവർ നിരാശപ്പെടുത്തി.

Related Articles

Latest Articles