Saturday, April 20, 2024
spot_img

കിരീടവും ചെങ്കോലുമായി ഓർമകളുടെ അമരത്ത് ലോഹിതദാസ്; മലയാള സിനിമയുടെ നാട്യങ്ങളില്ലാത്ത കഥാകാരൻ ഓർമയായിട്ട് 13 വർഷം

മലയാളത്തിലെ എക്കാലത്തേയും നാട്യങ്ങളില്ലാത്ത കഥാകാരനാണ് ലോഹിത ദാസ്. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമയായിട്ട് ഇന്നേക്കു 13 വർഷം. വൈകാരിക മുഹൂർത്തങ്ങളേയും മനുഷ്യ ബന്ധങ്ങളേയും കോർത്തിണക്കി കൊണ്ട് അദ്ദേഹം നിരവധി തിരക്കഥകൾ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുള്ള കാഴ്ചക്കാരന് ലോഹിതദാസിന്റെ സൃഷ്ടികളായി സ്‌ക്രീനിൽ മിന്നി മറഞ്ഞ പല കഥാപാത്രങ്ങളേയും തന്റെ ജീവിതത്തിലേക്ക് ചേർത്തു നിർത്താൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായാണ് ലോഹിതദാസിന്റെ ജനനം. ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കാൽവെച്ചത്. 1986-ൽ തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്ക് വേണ്ടിനാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു.

ശേഷം 1987ൽ സിബി മലയിൽ സംവിധാനം നിർവഹിച്ച ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥ രചനകൊണ്ടാണ് ലോഹിതദാസ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2007ൽ പുറത്തിറങ്ങിയ ‘നിവേദ്യം’ എന്ന ചിത്രമാണ് ലോഹിതദാസ് അവസാനമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ചിത്രം.

പച്ചയായ മനുഷ്യരുടെ ആത്മസംഘർഷങ്ങളാണ് പലപ്പോഴും അദ്ദേഹം വൈകാരികത ചോരാതെ കുറിച്ചിട്ടത്. മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന്റെ വിയോഗത്തിന്റെ 13 വർഷം തികയുമ്പോഴും കിരീടവും ചെങ്കോലാവുമായി പ്രിയകഥാക്കാരൻ ഇന്നും ഉണ്ടെന്ന് വിശ്വസിക്കാനാണ് പ്രിയപ്പെട്ടവർക്കും പ്രേക്ഷകർക്കും ഇഷ്ടം.

Related Articles

Latest Articles