Sunday, April 28, 2024
spot_img

90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി! ഡീപ് ഫേക്ക് വീഡിയോ അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിനെതിരെ നടപടിയെടുക്കണം; ലഭിക്കുന്ന തുക പീഡനത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി സംഭാവന ചെയ്യുമെന്ന് ജോർജിയ മെലോണി

തന്റെ ഡീപ് ഫേക് വീഡിയോകൾ അശ്ലീല വെബ്‌സൈറ്റിൽ പ്രചരിച്ചതിന് പിന്നാലെ ഒരു ലക്ഷം യൂറോ (90,89,636 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. നിലവിൽ 73കാരനായ വയോധികനേയും 40-കാരനായ ഇയാളുടെ മകനേയും ചുറ്റിപ്പറ്റിയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുവർക്കുമെതിരെ അപകീർത്തികുറ്റം ചുമത്തിയതായാണ് റിപ്പോർട്ട്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മെലോണിയുടെ മുഖം മറ്റൊരാളുടെ ശരീരത്തിൽ പതിപ്പിച്ച ശേഷം അശ്ലീല വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച സ്മാർട്ട്ഫോൺ ട്രാക്ക് ചെയ്താണ് പ്രതികളെ കണ്ടെത്തിയത്. 2022-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപാണ് ഈ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വരുന്നത്.

കേസിൽ വരുന്ന ജൂലൈ രണ്ടിന് ജോർജിയ മെലോണി കോടതിയിൽ മൊഴി നൽകും. യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിലാണ് ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടതായും കുറ്റപത്രത്തിൽ പറയുന്നു.

പുരുഷന്മാരിൽ നിന്ന് ചൂഷണത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടിയാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പ്രതീകാത്മകമായി നൽകിയതെന്നും ലഭിക്കുന്ന തുക പീഡനത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി സംഭാവന ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. ഇരകളാകുന്ന സ്ത്രീകൾ ഒരിക്കലും ഭയപ്പെട്ട് പിന്മാറരുതെന്ന സന്ദേശമാണ് മെലോണിയുടെ ഈ നീക്കത്തിലൂടെ ലഭിക്കുന്നതെന്ന് അവരുടെ അഭിഭാഷകനായ മരിയ ഗിയൂലിയ മരോൻജിയു പറഞ്ഞു.

Related Articles

Latest Articles