Sunday, May 5, 2024
spot_img

മലയാള സിനിമയുടെ ഹാസ്യരാജാവിന് ഇന്ന് 71-ാം പിറന്നാൾ; ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു; ‘വിക്ര’മാകാൻ തയ്യാറെടുത്ത് താരം; സന്തോഷം പങ്കുവച്ച് കുടുംബം

മലയാള സിനിമയുടെ ഹാസ്യരാജാവിന് ഇന്ന് (Jagathy Sreekumar Birthday) എഴുപത്തിയൊന്നാം പിറന്നാൾ. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ 1400ഓളം സിനിമകളിലാണ് ജഗതി ശ്രീകുമാർ അഭിനയിച്ചത്. താരത്തിന് ജന്മദിന ആശംസകൾ നേർന്ന് സിനിമാലോകവും കുടുംബവുമുൾപ്പെടെ എത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളില്ലാതെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന ജഗതിക്ക് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ സമൂഹമാധ്യമത്തിലൂടെ ആശംസ അർപ്പിച്ചു.

പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിക്കുന്നത്. നാടകാചാര്യനായിരുന്ന അച്ഛന്‍റെ നാടകങ്ങളിലൂടെയായിരുന്നു ജഗതി കലാലോകത്തേക്ക് എത്തുന്നത്. 1973 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. കന്യാകുമാരി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. 1500 ഓളം സിനിമകളില്‍ അഭിനയിച്ച ജഗതിക്ക് മികച്ച ഹാസ്യ താരത്തിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

jagathy-sreekumar
jagathy-sreekumar

കഴിഞ്ഞ എട്ടുവർഷത്തിനിടെ, നിരവധി ഹാസ്യ നടന്മാർ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയിൽ ഒഴിഞ്ഞുകിടക്കുകയാണ്. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ കൂട്ടായിരുന്നു.

അതേസമയം 2012 മാർച്ചിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ഈ ജന്മദിനത്തിൽ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അ‌ഞ്ചാം ഭാഗത്തിലാണ് അദ്ദേഹം അഭിനയിക്കുക. നാലു ഭാഗങ്ങളിലെന്ന പോലെ വിക്രം എന്ന കഥാപാത്രമായി ജഗതി ഉണ്ടാകണമെന്ന് മമ്മൂട്ടി നിർദ്ദേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഉൾപ്പെടുത്താൻ സംവിധായകൻ കെ.മധു തീരുമാനിച്ചത്. ഇക്കാര്യം ഭാര്യ ശോഭയും മകൻ രാജ്‌കുമാറും ജഗതിയോട് പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയായിരുന്നു ആ മുഖത്ത് വിടർന്നത്. തുടർന്ന് സിനിമയുടെ നാലു ഭാഗങ്ങളും വീട്ടുകാർ ടി.വി സ്ക്രീനിൽ കാണിച്ചുകൊടുത്തു. അ‌ഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ജഗതിയുടെ സീനുകൾ അദ്ദേഹത്തിന്റെ വസതിയിൽ തന്നെ ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന. മകൻ രാജ് ‌കുമാർ ഒരുക്കിയ പരസ്യചിത്രത്തിലൂടെയാണ് അപകടശേഷം ആദ്യമായി ജഗതി കാമറയ്ക്ക് മുന്നിലെത്തിയത്

Related Articles

Latest Articles