ദില്ലി: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാറും സൂര്യയുടെ അത്യുഗ്രൻ വിജയ ചിത്രമായ ജയ് ഭീമും ഓസ്‌കാര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഗ്ലോബല്‍ കമ്യൂനിറ്റി ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള ഇന്‍ഡ്യയിലെ നാമനിര്‍ദേശ പട്ടികയിലാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള വിഭാഗത്തില്‍ മരക്കാര്‍ ഇടം നേടിയിരിക്കുന്നത്.

ചരിത്രപുരുഷനായ കുഞ്ഞാലി മരക്കാറിന്റെ കഥ വിവരിച്ച ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യല്‍ എഫക്‌ട്‌സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിന് പുറമേ മരക്കാര്‍ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്തിരുന്നു.

മരക്കാറിനൊപ്പം ടി ജെ ജ്ഞാനവേല്‍ സംവിധാനം ‘ജയ് ഭീം’ എന്ന തമിഴ് ചിത്രവും ഓസ്കാർ പട്ടികയിൽ ഇടംപിടിച്ചു. ഇരുള സമുദായത്തിന് നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി എട്ടിന് അന്തിമ നോമിനേഷന്‍ പട്ടിക പുറത്തുവിടും.