കോട്ടയം: കുഴിയാലിപ്പടിയില്‍ കെ-റെയില്‍(k-rail) കല്ലിടല്‍ പുനഃരാരംഭിച്ചു. നടപടികൾ ആരംഭിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കല്ലുമായി വന്ന വാഹനം ഇവര്‍ ശക്തമായി തടഞ്ഞു. കല്ലുകൾ നാട്ടുകാർ പിഴുതെറിയുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.
നട്ടാശ്ശേരിയില്‍ 12 സ്ഥലത്തായിരുന്നു കല്ലിട്ടത്. പക്ഷെ, കല്ലുകള്‍ പിഴുതെറിയുമെന്ന് വ്യക്തമാക്കികൊണ്ട് നാട്ടുകാർ രംഗത്ത് എത്തുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
ഒരുദിവസം കല്ലിടാതിരുന്നതിന് ശേഷം വീണ്ടും ഇന്നായിരുന്നു ആരംഭിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഒരിടത്തും കല്ലിടൽ നടന്നിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ വിവിധ ജില്ലകളില്‍ നടത്താനിരുന്ന സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു.
എന്നാല്‍, ഇക്കാര്യം കെ- റെയില്‍ നിക്ഷേധിക്കുകയായിരുന്നു. ഓരോ ജില്ലയിലെയും സാഹചര്യം നോക്കിയാകും സര്‍വേ നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍, പലയിടത്തും പ്രതിഷേധം മൂലം സര്‍വേ നടപടികള്‍ മുന്നോട്ട് പോകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അതിനാല്‍തന്നെ സാമൂഹികാഘാതപഠനം നീളുമെന്ന് തന്നെ പറയാം.
നാട്ടുകാർ കല്ല് പിഴുതെറിഞ്ഞാലും പിന്നോട്ടില്ലെന്ന് വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ സര്‍വേയുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിനും എൽ ഡി എഫിനും വലിയ രീതിയിലെ പ്രതിസന്ധി തന്നെ നേരിടും എന്ന കാര്യം ഉറപ്പാണ്.
അതേസമയം, സില്‍വര്‍ലൈനിന് വേണ്ടി കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യു വകുപ്പാണെന്നായിരുന്നു കെ-റെയിലിന്റെ വിശദീകരണം. ഇതാണ് മന്ത്രി തള്ളിയത്. സാമൂഹികാഘാത പഠനം പദ്ധതിക്ക് എതിരായാല്‍ കല്ല് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

