തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാടു കയറാതെ കാട്ടാനക്കൂട്ടം. പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ നിന്ന് ജനവാസ മേഖലയിലേക്ക് എത്തിയിരുന്നു. പുലർച്ചെ പണിക്ക് പോകുന്ന തോട്ടം തൊഴിലാളികൾ ഇപ്പോൾ ഭീതിയിലാണ്.
അതേസമയം, ഇന്നും ആനകൾ ഇറങ്ങിയാൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം. കടുത്ത വേനൽ ആയതോടെ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ആനകൾ കാടിറങ്ങുന്നതെന്നാണ് വിലയിരുത്തൽ.
പുലർച്ചെ റബർ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയവരാണ് ഇന്നും കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇതോടെ തൊഴിലാളികൾ ജോലിക്ക് കയറാനാകാത്ത അവസ്ഥയിലായി. വനംവകുപ്പിനേയും പോലീസിനേയും വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ വിന്യസിച്ച് ആനകളെ കാട് കയറ്റാനുള്ള ശ്രമം നടന്നു വരികയാണ്.

