Monday, May 6, 2024
spot_img

‘കമ്മ്യൂണിസ്റ്റുകാര്‍ എന്നും രാജ്യദ്രോഹികളായിരുന്നു’; വിഭജന കാലത്ത് അവർ പാകിസ്ഥാന്റെ കൂടെയായിരുന്നു; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‌കൊച്ചി: കമ്യൂണിസ്റ്റുകാർ എന്നും ഇന്ത്യ വിരുദ്ധരായിരുന്നുവെന്ന് മുൻ പി.എസ്.സി ചെയർമാനും ബിജെപി നേതാവുമായ ഡോ. കെ.എസ് രാധാകൃഷ്ണൻ.

ചൈനയെ പ്രശംസിച്ചുകൊണ്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള നടത്തിയ പരാമർശത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുകയായിരുന്നു ഡോ. രാധാകൃഷ്ണൻ.

മാത്രമല്ല അമേരിക്ക ഇന്ത്യയെ സ്വാധീനിച്ച് ചൈനയെ എതിര്‍ക്കുന്നതിന്റെ ഉന്നം സി.പി.എമ്മിനെ തകര്‍ക്കലാണെന്ന എസ്.ആര്‍.പി.യുടെ കണ്ടെത്തല്‍ മെഗലോമാനിയയുടെ ലക്ഷണമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഡോ. കെ.എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അമേരിക്ക ഇന്ത്യയെ സ്വാധീനിച്ച് ചൈനയെ എതിര്‍ക്കുന്നതിന്റെ ഉന്നം സി.പി.എമ്മിനെ തകര്‍ക്കലാണെന്നാണ് എസ്.ആര്‍.പി.യുടെ കണ്ടെത്തല്‍. മെഗലോമാനിയയുടെ ലക്ഷണമായേ ഇതിനെ കരുതാന്‍ കഴിയൂ.

കമ്മ്യൂണിസ്റ്റുകാര്‍ എന്നും രാജ്യദ്രോഹികളായിരുന്നു. 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിനുശേഷം, 1921-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ത്യയെ ലക്ഷ്യംവെച്ച് നീങ്ങി തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പിതൃഭൂമി മോസ്‌കോയായിരുന്നു. ലെനിന്‍ മുതല്‍ ഇങ്ങോട്ടുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി സോവിയറ്റ് യൂണിയനുവേണ്ടി ചാരവൃത്തി നടത്തുക എന്ന കര്‍മ്മമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്തുകൊണ്ടിരുന്നത്. മഹാത്മഗാന്ധി അടക്കമുള്ള എല്ലാ ഇന്ത്യന്‍ നേതാക്കളെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പുനക്കികള്‍ എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചിരുന്നത്.

ശ്രീപദ്അമൃത് ഡാങ്കെ, ഗംഗാധര്‍ അധികാരി, പൂര്‍ണ്ണചന്ദ്ര ജോഷി, ഇന്ദ്രജിത് ഗുപ്ത, ത്രയ്യംമ്പക ബാലചന്ദ്രര്‍ രണദിവെ, ഏലംകുളം മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, എ. കെ. ഗോപാലന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, പി. കെ. വാസുദേവന്‍ നായര്‍ തുടങ്ങിയ നേതാക്കളെല്ലാം സോവിയറ്റ് ചാരവൃത്തിയിലൂടെയാണ് മിടുക്ക് തെളിയിക്കാന്‍ മത്സരിച്ചത്. ഇവരുടെ രക്തത്തില്‍ രാജ്യസ്‌നേഹമേ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ബ്രിട്ടീഷുകാര്‍ക്കായി ഒറ്റിക്കൊടുത്ത് നേടിയ പണം കൊണ്ട് പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ആഫീസും തുടങ്ങാന്‍ ഇവര്‍ക്കാര്‍ക്കും മനസാക്ഷിക്കുത്ത് ഉണ്ടാകാതിരുന്നത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964-ല്‍ പിളര്‍ന്നപ്പോള്‍, അവര്‍ സ്വയം ഇടതും വലതുമായി പിരിഞ്ഞു. സി.പി.എം. സ്വയം ഇടതുപക്ഷം എന്നും സി.പി.ഐ. വലതുപക്ഷം എന്നും അറിയപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പിന്‍തുണ സി.പി.ഐ.ക്കാര്‍ക്കായിരുന്നു. ആരായിരിക്കണം കമ്മ്യൂണിസ്റ്റ് ലോകത്തിന്റെ പരമാധികാരി എന്ന തര്‍ക്കം മൂലം സോവിയറ്റ് യൂണിയനുമായി ചൈന തെറ്റിപ്പിരിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ ചൈനയുടെ സില്‍ബന്ധികളാകാന്‍ സി.പി.എം. തീരുമാനിച്ചു. അന്നു മുതല്‍ ചൈനയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്യുക എന്ന ചരിത്രപരമായ ദൗത്യമാണ് സി.പി.എം. നിര്‍വഹിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സി.പി.ഐ.യും ചൈനയ്‌ക്കു വേണ്ടി വിടുപണി ചെയ്തു തുടങ്ങി.

കമ്മ്യൂണിസ്റ്റുകളുടെ ഈ ദൗത്യത്തിന് ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്ത്യ ചൈനയെ വിമര്‍ശിക്കുന്നത്, അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യം മൂലമാണെന്നും ആ വിമര്‍ശനങ്ങളുടെ ആത്യന്തിക ലക്ഷ്യം സി.പി.എം. ആണെന്നും എസ്. രാമചന്ദ്രന്‍ പിള്ള എന്ന പോളിറ്റ് ബ്യൂറോ അംഗം പ്രഖ്യാപിച്ചത്. അമേരിക്ക ഇന്ത്യയെ സ്വാധീനിച്ച് ചൈനയെ എതിര്‍ക്കുന്നതിന്റെ ഉന്നം സി.പി.എമ്മിനെ തകര്‍ക്കലാണെന്നാണ് എസ്.ആര്‍.പി.യുടെ കണ്ടെത്തല്‍. മെഗലോമാനിയയുടെ ലക്ഷണമായേ ഇതിനെ കരുതാന്‍ കഴിയൂ.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ തകര്‍ക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം. ലോകത്ത് എമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ അതിനുവേണ്ടിയാണ് പരിശ്രമിക്കുന്നത്. അവരുടെ പരിശ്രമം ഫലിക്കാതിരുന്നത് നന്നായി. കമ്മ്യൂണിസ്റ്റ് ശാപമേറ്റ് അമേരിക്ക തകര്‍ന്നു പോയിരുന്നു എങ്കില്‍ പിണറായി സഖാവ് എവിടെ പോയി ചികിത്സിക്കുമായിരുന്നു. അമേരിക്ക തകരാതിരുന്നതുകൊണ്ടാണ് പിണറായി സഖാവിന് ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ കഴിയുന്നത്. ചാരവൃത്തി ചൈനയ്‌ക്ക് വേണ്ടി നടത്തുമെങ്കിലും അവിടെ ചികിത്സയ്‌ക്ക് പോകാനുള്ള ധൈര്യം, ഇരട്ടചങ്കനാണെങ്കിലും പിണറായിക്കില്ല.

കാശ്മീരിനെ കുറിച്ചും ചില മറിമായമാണ് എസ്.ആര്‍.പി. പറഞ്ഞത്. കാശ്മീരില്‍ മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ കുടി പാര്‍ക്കുന്നു. ഇത് ശരിയല്ല എന്നാണ് പോളിറ്റ് ബ്യൂറോയുടെ പക്ഷം. സഖാവെ, കാശ്മീര്‍ ഇന്ത്യയുടെ സംസ്ഥാനമാണ്. ഏത് ഭാരതീയനും അവിടെ കുടി പാര്‍ക്കാന്‍ അവകാശമുണ്ട്. ഇക്കാര്യം അറിയാതെയാണോ സഖാവെ, ഇത്രയും കാലം ഇന്ത്യയില്‍ ജീവിച്ചതും ചാരവൃത്തി നടത്തിയതും അടിച്ചുമാറ്റാവുന്നതിന്റെ പരമാവധി അടിച്ചുമാറ്റിയതും.

കമ്മ്യൂണിസ്റ്റുകാര്‍ എന്നും ഇന്ത്യാവിരുദ്ധരാണ്. വിഭജനകാലത്ത് അവര്‍ പാക്കിസ്ഥാന്റെ കൂടെയായിരുന്നു. 1921-ലെ മാപ്പിള ലഹളക്കാലത്ത് അവര്‍ ജിഹാദികള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ അവര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പമാണ്. തീവ്രവാദികളോട് അവര്‍ക്കുള്ള കൂറ് ആയ ബലമാണ്. അതുകൊണ്ടാണല്ലോ സ്വന്തം സഖാവിനെ ഒറ്റക്കുത്തിന് കൊന്ന തീവ്രവാദിയെപ്പോലും രക്ഷപ്പെടാന്‍ പിണറായി അനുവദിച്ചത്. ഇവരുടെ ഈ ഹീനവൃത്തി എന്നായിരിക്കും അവസാനിക്കുക.

Related Articles

Latest Articles