പെരിന്തല്‍മണ്ണ: ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് വിജനമായ വീട്. കനകദുര്‍ഗ്ഗ വീട്ടില്‍ എത്തുന്നതിന് മുന്‍പേ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയും മറ്റൊരു വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

വീട് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ലെന്നും കുട്ടികളുടെ സംരക്ഷണം കോടതി പിന്നീട് തീരുമാനിക്കുമെന്നും പെരിന്തല്‍മണ്ണ പുലാമന്തോള്‍ ഗ്രാമന്യായാലയം വിധിച്ചിരുന്നു.

ശബരിമല ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് കനകദുര്‍ഗ്ഗ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയം കനകദുര്‍ഗ്ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുര്‍ഗ്ഗ ഭര്‍തൃവീട്ടിലെത്തിയത്.