Saturday, May 4, 2024
spot_img

കണ്ണൂർ കൊലപാതകം; അരുംകൊല പ്രണയിനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ, പ്രതിയുമായി തെളിവെടുപ്പ് നടത്തി

കണ്ണൂർ: പാനൂർ കൊലപാതക കേസിൽ തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതി ശ്യാംജിത്ത് ഇന്നലെ കുറ്റമേറ്റിരുന്നു. പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പോലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗും അതിനുള്ളിൽ നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തി. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും കുളത്തിൽ നിന്ന് കണ്ടെടുത്ത ബാഗിലുണ്ടായിരുന്നു.

ശ്യാംജിതിനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ഇന്നലെ ഉച്ചയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പെൺകുട്ടിയുടെ കൈകളിലും കഴുത്തിലും മാരകമായ മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴുത്തിലെയുംകൈയ്യിലേയും ഞരമ്പ് മുറിച്ചാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയ സംഭവദിവസം ജോലിക്ക് പോയിരുന്നില്ല. അച്ഛന്‍ വിദേശത്താണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.’സംഭവസമയം വിഷ്ണുപ്രിയയുടെ അമ്മ അടക്കമുള്ളവർ അടുത്തിടെ മരണം നടന്ന സമീപത്തെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ എത്തിയ ബന്ധുവായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. അയൽക്കാരിൽ ചിലരാണ് തൊപ്പിവെച്ച ഒരാളെ ഈ സമയത്ത് കണ്ടത്. അത് ആരെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നാലെയാണ് ശ്യാംജിത്ത് പിടികൊടുത്തത്. മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത് എന്നാണ് സൂചന.

ഏറെനാളായി ശ്യാംജിത്തും വിഷ്ണുപ്രിയയും സൗഹൃദത്തിലായിരുന്നു. താൻ വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. എന്നാൽ മറ്റൊരാളുമായി വിഷ്ണുപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചു. രണ്ടു മാസം മുമ്പാണ് ഇത്തരം സൂചനയകൾ ശ്യാംജിത്തിന് കിട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ആദ്യം ആ യുവാവിനെ കൊല്ലാനാണ് പദ്ധതിയിട്ടത്. പിന്നീട് അത് മാറി വിഷ്ണു പ്രിയയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

Related Articles

Latest Articles