Saturday, April 27, 2024
spot_img

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; സിപിഎം വെട്ടിലാകും… ഉറ്റ ബന്ധുക്കൾക്ക് 50 ലക്ഷം വീതം; കൂലിപ്പണിക്കാരന്റെ പേരിൽ 50 ലക്ഷം വായ്പ

തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വായ്പ തട്ടിപ്പിന് പുറമെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കെടുപ്പിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ട്. ബാങ്കിലെ കുറി നടത്തിപ്പിൽ മാത്രം 50 കോടിയിലേറെ രൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തൽ. ക്രമക്കേട് നടന്നതിന്റെ രേഖകൾ പുറത്തുവന്നിരിക്കുകയാണ്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്.

അതേസമയം മാസത്തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇരിങ്ങാലക്കുട മൂർഖനാട് ഭാഗത്തെ പെയിന്റിങ് തൊഴിലാളിയുടെ പേരിൽ 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിലാണ് ഇക്കാര്യത്തെക്കുറിച്ചു സൂചന ലഭിച്ചത്. പലിശ സഹിതം വായ്പ 78 ലക്ഷം രൂപയുടെ കുടിശികയായി ഉയർന്നിട്ടുണ്ട്. തൊഴിലാളിയുടെ പേരിൽ വായ്പ എടുത്തതു വ്യാജരേഖ ചമച്ചതാണോ എന്ന കാര്യം അന്വേഷണത്തിന്റെ പരിധിയിൽ വരും. ദിവസക്കൂലിക്കാരായ മറ്റു 2 പേരുടെ കൂടി പേരിൽ 50 ലക്ഷം വീതം വായ്പ അന‍ുവദിച്ചെന്നും വിവരമുണ്ട്.

അതേസമയം കരുവന്നൂർ സഹകരണ ബാങ്കിലെ 125 കോടിയിലേറെ രൂപയുടെ അഴിമതിയിൽ പാർട്ടി നേതാക്കൾക്കു പങ്കുണ്ടെന്നു സിപിഎം അന്വേഷണം സംഘവും കണ്ടെത്തിയതായി സൂചന. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായാണു പാർട്ടി ഇത് അന്വേഷിച്ചത്. സംസ്ഥാനത്ത് സിപിഎം നയിക്കുന്നൊരു ബാങ്കിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. 125 കോടിയെന്നതു പ്രാഥമിക നിഗമനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ഷാജനും, മുൻ എംപി പി.കെ.ബിജുവാണ് അന്വേഷണം നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles