Thursday, May 23, 2024
spot_img

കാസർകോട്ട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വ്യാപക പരിശോധന; പിടികൂടിയത് 200 കിലോയോളം പഴകിയ മത്സ്യം

കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ 200 കിലോയോളം പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസർഗോഡ് വിദ്യാ‍ര്‍ത്ഥി ഷവർമ കഴിച്ച് മരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയുണ്ടായിരുന്നു. തുടർന്നാണ് തമിഴ്നാട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി പരിശോധന തുടരുകയാണ്. ഇതുവരെ നടത്തിയ പരിശോധനയിൽ 140 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകൾ പൂട്ടിച്ചു.

പരിശോധനയിൽ തിരുവനന്തപുരത്ത് മാത്രം ഏഴ് കടകളാണ് പൂട്ടിച്ചത്. വയനാടും എറണാകുളത്തും മൂന്നും രണ്ടും എന്നിങ്ങനെ ഹോട്ടലുകളും പൂട്ടിച്ചു. കോട്ടയത്ത് ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ അഴുകി പുഴുവരിച്ച മീൻ പിടികൂടിയതിനെ തുർന്ന് കോഴിക്കോട് മുക്കം ബിസ്മി ഫിഷ് മാർക്കറ്റ് അടപ്പിച്ചു.

Related Articles

Latest Articles