Tuesday, September 29, 2026

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍; തീയതി പ്രഖ്യാപിച്ചു; സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്ത് പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. പരീക്ഷകള്‍ക്കിടയിലെ ഇടവേള പര്യാപ്തമല്ലെന്ന് ആയിരുന്നു പരാതി. അതിനാല്‍ പരാതികള്‍ കണക്കിലെടുത്ത് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles