Monday, April 29, 2024
spot_img

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; പശ്ചിമ കൊച്ചിയിൽ ആവശ്യമെങ്കിൽ അടിയന്തര നടപടികൾ സ്വീകരിക്കും

കൊച്ചി: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പശ്ചിമ കൊച്ചി മേഖലയിൽ കടലേറ്റം നേരിടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി കെ. ജെ മാക്സി എം. എൽ. എ. മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജന ജനപ്രതിനിധികളുടെ യോഗത്തിൽ പശ്ചിമ കൊച്ചിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.

കണ്ണമാലിയിൽ 130 മീറ്റർ ഭാഗത്ത് ജിയോ ബാഗുകൾ സ്ഥാപിക്കാനാവശ്യമായ തുക അനുവദിക്കാൻ ജില്ലാ കളക്ടർ ഡോ. രേണുരാജിന് മന്ത്രി പി. രാജീവ്‌ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചി മേഖലയിൽ നിന്നും 700 ലധികം ബോട്ടുകൾ മത്‍സ്യബന്ധനത്തിനായി കടലിൽ പോയിട്ടുണ്ട്. ഇവരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അപകടകരമായ രീതിയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ എത്രയും വേഗത്തിൽ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ ശക്തമായ കടലേറ്റമുണ്ടായ ചെല്ലാനം മേഖലയിൽ ടെട്രാപോഡുകളും താത്കാലിക സംരക്ഷണ ഭിത്തി സ്ഥാപിച്ചതും ഗുണകരമായെന്നാണ് വിലയിരുത്തൽ.

നിലവിൽ ഗുരുതരമായ പ്രശ്നങ്ങൾ പ്രദേശത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കും. ക്യാമ്പുകൾ ആരംഭിച്ചാൽ ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയുൾപ്പടെ ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Latest Articles