Tuesday, April 30, 2024
spot_img

കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേര്; സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കുമുള്‍പ്പെടെ ഹൈക്കോടതി നോട്ടീസ്

കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കുമുള്‍പ്പെടെ നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ജസ്റ്റീസ് കെ.പി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവം ഇന്‍തിഫാദ എന്ന പേരില്‍ നടത്തുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയും നിലമേല്‍ എന്‍എസ്എസ് കോളേജ് ആദൃ വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയുമായ ആശിഷ് എ.എസ്. ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് യൂണിവേഴ്‌സിറ്റി യൂണിയനും ചാന്‍സലര്‍ക്കും പ്രത്യേക ദൂതന്‍ മുഖാന്തരം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേരള യൂണിവേഴ്‌സിറ്റിക്ക് വേണ്ടി അഡ്വ. തോമസ് എബ്രഹാമും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡറും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലും ഹാജരായി.

ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷങ്ങളില്‍ ഹമാസ് മതമൗലികവാദികള്‍ ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ‘ഇന്‍തിഫാദ’ എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. കലാസാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായിതീരേണ്ട യുവജനോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വിവേചനം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടുകൂടിയാണ് ഇത്തരം പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Related Articles

Latest Articles