Friday, May 10, 2024
spot_img

വൈദ്യുതി നിരക്ക് പുതുക്കാനുള്ള നടപടികള്‍ വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്ന നടപടികള്‍ വൈകും. അടുത്ത 5 വര്‍ഷത്തേക്ക് ആവശ്യമായ നിരക്ക് വര്‍ധന എത്രയെന്ന് റഗുലേറ്ററി കമ്മിഷനെ വൈദ്യുതി ബോര്‍ഡ് അറിയിക്കേണ്ട സമയ പരിധി 31ന് അവസാനിക്കുകയാണ്.

താരിഫ് പെറ്റീഷന്‍ എന്ന് അറിയപ്പെടുന്ന ഈ രേഖ സമര്‍പ്പിക്കുന്നതിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കണമെന്നാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം റഗുലേറ്ററി കമ്മിഷനെ അവര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ രേഖയിലാണ് ഡിസംബര്‍ 31നു മുന്‍പ് താരിഫ് പെറ്റീഷന്‍ സമര്‍പ്പിക്കണമെന്നു ബോര്‍ഡിനോട് കമ്മിഷന്‍ നിര്‍ദേശിച്ചത്. താരിഫ് പെറ്റീഷനെ കുറിച്ച്‌ അടുത്ത മാര്‍ച്ച്‌ 31നു മുന്‍പ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹിയറിങ് നടത്തി ഉത്തരവ് ഇറക്കാനും ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നടപ്പാക്കാനുമായിരുന്നു കമ്മിഷന്റെ തീരുമാനം. എന്നാല്‍ താരിഫ് പെറ്റീഷന്‍ വൈകിയാല്‍ നിരക്ക് നിശ്ചയിക്കുന്ന നടപടികളും നീളും. അടുത്ത അഞ്ചു വര്‍ഷത്തെ നിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ 5 വര്‍ഷം പ്രതീക്ഷിക്കുന്ന നിരക്ക് വര്‍ധന എത്രയെന്നു കാര്യ കാരണ സഹിതം വ്യക്തമാക്കുന്ന വിശദമായ താരിഫ് പെറ്റീഷന്‍ ആണ് വൈദ്യുതി ബോര്‍ഡ് തയാറാക്കേണ്ടത്. ഇതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും ജനുവരി 31 വരെ സമയം നീട്ടി നല്‍കണമെന്നുമാണ് ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടത്.

റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ ഇപ്പോള്‍ വിദേശത്താണ്. അദ്ദേഹം ജനുവരി 14നു മടങ്ങിയെത്തും. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് അദ്ദേഹം 24ന് ഓഫിസില്‍ എത്തിയാല്‍ മാത്രമേ നിരക്കു നിര്‍ണയം സംബന്ധിച്ച തുടര്‍ നടപടികളിലേക്കു കടക്കാന്‍ സാധിക്കൂ. അടുത്ത 5 വര്‍ഷം വൈദ്യുതി ബോര്‍ഡിനു പ്രതീക്ഷിക്കുന്ന വരവും ചെലവും കൃത്യമായി കണക്കാക്കി കമ്മി ഉണ്ടെങ്കില്‍ അതു നികത്തുന്ന വിധത്തിലാണ് നിരക്ക് വര്‍ധന തീരുമാനിക്കേണ്ടത്. ഇതു തിരക്കിട്ട് നടത്താന്‍ കമ്മിഷനു സാധിക്കില്ല. എന്നാല്‍ റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അതിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് ഉത്തരവ് ഇറക്കുകയും വേണം.

Related Articles

Latest Articles