Tuesday, April 30, 2024
spot_img

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; 33,376 പുതിയ കോവിഡ് കേസുകള്‍; പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 33,376 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി. 3,91,516 ആക്ടീവ് കേസുകളടക്കം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,08,330 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 3,23,74,497 പേരാണ് ഇതുവരെ രോഗമുക്തരായത്.

രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം ഇരുപത്തിയ്യായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ അടുത്തയാഴ്ചയോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് സൂചന.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ചേക്കും.അതോടൊപ്പം നിയന്ത്രണം വാർഡ് തലത്തിൽ നിന്നും മൈക്രോ കണ്ടെയിന്മെന്റ് തലത്തിലേക്ക് നീങ്ങും. കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സ്കൂളുകളും അടുത്ത മാസം തുറന്നേക്കുമെന്നാണ് വിവരം. വാക്‌സിനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ കാരണമായാത്. ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് ലക്ഷ്യം. വാക്‌സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്‌സിൻ ബാക്കിയുള്ളത് ഇന്നത്തോടെ കൊടുത്തുതീർക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

Related Articles

Latest Articles