ദില്ലി: ഗ്രാമീണ മേഖലയുടെ സമഗ്രവികസനത്തിലേക്കുള്ള വിശാലമായ പാതയാണ് കേന്ദ്രബജറ്റ് തുറന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Modi). 2022ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ച് വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും നടന്ന വെബിനാറിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനം, എല്ലാവർക്കും അടച്ചുറപ്പുള്ള വീടുകൾ, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പുവരുത്തിയുള്ള വികസനമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 7 വർഷത്തിനിടെ ജലലഭ്യതയുടേയും ശുചിത്വത്തിന്റേയും മേഖലയിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റം എന്ന വിഷയത്തിലാണ് വെബിനാർ നടന്നത്.
കേന്ദ്രസർക്കാർ കഴിഞ്ഞ ഏഴു വർഷവും നടപ്പാക്കാനുദ്ദേശിച്ച എല്ലാ വികസന കാര്യത്തിനും അതാത് സമയത്തെ ബജറ്റുകളിൽ കൃത്യമായ തുക വകയിരുത്തി. അത് നടപ്പായി എന്ന് ബോദ്ധ്യപ്പെടുകയും ചെയ്തെന്നും നരേന്ദ്രമോദി പറഞ്ഞു. വികസനമെന്നാൽ കൂറേ നിർമ്മാണ പ്രവർത്തനം മാത്രമല്ല. മറിച്ച് എല്ലാ മേഖല കളിലുമുള്ള പൗരന്മാരുടെ കാര്യശേഷിയും കർമ്മനൈപുണ്യവും വികസനവും കൂടിയാണ്. അത് സാധ്യമാകുന്നത് ഗ്രാമങ്ങളെ സംയോജിപ്പിച്ച് വികസനം സാധ്യമാക്കുമ്പോൾ മാത്രമാണ്. ജനങ്ങളുടെ വീടുകൾ ഉറപ്പുള്ള താക്കുക. എല്ലാ വീടുകളിലും ജലം, ശൗചാലയം, പാചകവാതകം, വൈദ്യുതി എന്നിവ ഉറപ്പു വരുത്തിക്കൊണ്ടാണ് വികസനം മുന്നേറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

