Sunday, May 5, 2024
spot_img

ലുധിയാന സ്ഫോടനം; മുഖ്യസൂത്രധാരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെ പിടികൂടാൻ എൻഐഎ സംഘം ജർമ്മനിയിലേക്ക്

ദില്ലി: പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഐഎ. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെ (Jaswinder Singh Multani Arrest) അറസ്റ്റ് ചെയ്യാൻ എൻഐഎ സംഘം ഇന്ന് ജർമ്മനിയിലേക്ക് പോകും.

അതേസമയം മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്കാണ് അന്വേഷണം നീളുന്നത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ജർമ്മൻ പോലീസ് മുൾട്ടാനിയെ പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഇന്ത്യയിൽ എത്തിക്കാനും, ദില്ലിയിലും മുംബൈയിലും സ്ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടെന്നാണ് വിവരം. എന്നാൽ ലുധിയാന സ്ഫോടനത്തിന് ഖാലിസ്ഥാൻ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഗഗൻദീപിന് ഖാലിസ്ഥാൻ അടക്കമുള്ള വിദേശസംഘടനകളുമായി ബന്ധമുണ്ടെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാനാണ് ഇയാൾ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ . ശരീരത്തിൽ സ്ഫോടകവസ്തുക്കൾ കെട്ടിവെച്ചാണ് ഇയാൾ കോടതിക്കുള്ളിൽ കടന്നതെന്നാണ് പോലീസ് പറയുന്നത്. ലഹരിമാഫിയ, കള്ളക്കടത്ത് സംഘങ്ങളുമായും ഇയാൾ ബന്ധം പുലർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ പ്രതിയായ ലഹരിക്കേസ് ലുധിയാന കോടതിയിൽ വിചാരണയിലിരിക്കെ അതുമായി ബന്ധപ്പെട്ട കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനമെന്ന് പോലീസ് പറയുന്നു. കേസിൽ ഈ മാസം 24ന് ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയത്.

Related Articles

Latest Articles