ആലപ്പുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളുമായി മുൻ സിപിഎം നേതാവ് ജി. സുധാകരൻ രംഗത്ത്. എം.വി. ഗോവിന്ദൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റല്ലെന്നും പാർട്ടിയുടെ തലപ്പത്തിരിക്കുന്ന വെറുമൊരു അധികപ്പറ്റാണെന്നും സുധാകരൻ ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാർട്ടിയെ തകർക്കുന്ന രീതിയിലാണ് ഗോവിന്ദൻ പ്രവർത്തിക്കുന്നതെന്നും നാണവും മാനവുമുണ്ടെങ്കിൽ അദ്ദേഹം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു പോകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
താൻ പാർട്ടി അംഗത്വം പുതുക്കാതെ മാറിനിന്നതിനെ വർഗ്ഗവഞ്ചനയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായാണ് സുധാകരൻ ഈ വെല്ലുവിളി ഉയർത്തിയത്. യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദനാണെന്നും പാർട്ടി നശിച്ചാലും തനിക്ക് കസേര മതിയെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി. തെറ്റുകൾ തിരുത്താൻ തയ്യാറാകാത്തവർ എത്ര വലിയ പദവിയിലിരുന്നാലും ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ ചൂണ്ടിക്കാട്ടി എം.വി. ഗോവിന്ദന് പാർട്ടിയെ നയിക്കാനുള്ള യാതൊരു യോഗ്യതയുമില്ലെന്ന് സുധാകരൻ വ്യക്തമാക്കി. ഗോവിന്ദൻ വലിയൊരു സൈദ്ധാന്തികനാണെന്ന് മാധ്യമങ്ങൾ മാത്രമാണ് പറയുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ആർക്കും മനസ്സിലാകുന്നില്ലെന്നും പരിഹസിച്ച സുധാകരൻ, കസേരയിലിരുന്ന് വെറുതെ ആളാകാതെ വായടച്ചിരിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും നല്ലതെന്നും കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് എം.വി. ഗോവിന്ദൻ അല്പമെങ്കിലും വകതിരിവ് കാണിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.

