Tuesday, April 30, 2024
spot_img

പ്രശസ്തമായ ചിത്രപൗർണമി ഉത്സവം ഏപ്രിൽ 16ന്; രണ്ട് വർഷത്തിന് ശേഷം മംഗളാദേവി ഭക്തർക്കായി തുറക്കുന്നു

കുമളി: ഇന്ത്യയിലെ പ്രശസ്തമായ മംഗളാദേവിക്ഷേത്രത്തിലെ ചിത്രാ പൗർണ്ണമി ഉത്സവം ഏപ്രിൽ 16-ന് നടക്കും. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവത്തിനായിയുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി – തേനി കളക്ടർമാരുടെ സംയുക്ത യോഗം കുമളിയിൽ ചേർന്നു. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന്റേയും തേനി ജില്ലാ കളക്ടർ കെ.വി. മുരളീധരയുടേയും നേതൃത്വത്തിൽ ചേർന്ന വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിലാണ് വിലയിരുത്തിയത്. കൂടാതെ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തി സമയ പരിധിക്കുള്ളിൽ ചടങ്ങുകൾ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമായിരിക്കുകയാണ്. 2019 ലാണ് അവസാനമായി മംഗളാദേവി ചിത്രാ പൗർണ്ണമി ഉത്സവം നടന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ വിപുലമായ ഒരുക്കങ്ങൾ ഉത്സവത്തിനായി ക്രമീകരിക്കുന്നത്. ഏപ്രിൽ 16 രാവിലെ 4 മണിക്ക് ഉദ്യോഗസ്ഥ വാഹനങ്ങളും, പൂജാരിയുടെ വാഹനവും പൂജ സാധനങ്ങളും കടത്തി വിടും. ആറുമണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മലയിൽ ആരേയും അനുവദിക്കില്ല. വനമേഖല കണക്കിലെടുത്ത് പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം അനുവദനീയമല്ല. 13 പോയിന്റുകളിൽ കുടിവെള്ളം ക്രമീകരിക്കും. ഇരു സംസ്ഥാനങ്ങളിൽ നിന്നും മൂന്നു വീതം കലങ്ങളിൽ പൊങ്കൽ അർപ്പിക്കും. പ്രവേശന സ്ഥലത്തും, മലമുകളിലും, മെഡിക്കൽ ടീമിന്റെ സേവനം ഉൾപ്പടെ ഒരുക്കും.

അതേസമയം ഉത്സവത്തിന് സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ഉത്സവത്തിന് ഒരു ആഴ്ച മുൻപ് തയ്യാറെടുപ്പുകൾ വിലയിരുത്തും. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമം നിലനിൽക്കുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശം ആയതിനാൽ നിയന്ത്രണങ്ങൾക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles