Tuesday, May 7, 2024
spot_img

ഓഫീസ് പൂട്ടി വിനോദയാത്രക്ക് പോയ സംഭവത്തിൽ ഭരണമുന്നണിയിൽ തർക്കം; എം എൽ എ യുടെ നിലപാട് അപക്വമെന്ന് സിപിഐ;തഹസിൽദാരുടെ കസേരയിൽ കയറിയിരുന്നത് ശരിയായില്ലെന്നും വിമർശനം; ജീവനക്കാർ പോയത് ക്വാറി മുതലാളിയുടെ ബസ്സിലെന്ന് എം എൽ എ

കോന്നി: താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ സംഭവത്തിൽ ജീവനക്കാരെ ന്യായീകരിച്ച് സിപിഐ. എം എൽ എ യുടെ പ്രവർത്തി അപക്വമെന്ന് വിലയിരുത്തുകയാണ് സിപിഐ ജില്ലാ അസി. സെക്രട്ടറി പി ആർ ഗോപിനാഥ്. ജുഡീഷ്യൽ അധികാരങ്ങളുള്ള ഉദ്യോഗസ്ഥനാണ് തഹസിൽദാരെന്നും അദ്ദേഹത്തിന്റെ കസേരയിൽ എം എൽ എ കയറിയിരുന്നത് ശരിയായില്ലെന്നുമാണ് സിപിഐ നിലപാട്. അതേസമയം ജീവനക്കാർക്കെതിരെ നടപടിയെടുക്കാനായി കളക്ടറുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് സർക്കാർ. അഞ്ചു ദിവസത്തിനകം കളക്ടർ റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് റവന്യു മന്ത്രിയും അറിയിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങൾക്കിടയിലും ജീവനക്കാർ മൂന്നാറിൽ തുടരുന്നതായാണ് സൂചന.

ഈ വിഷയം വാർത്ത ആയതോടെ കോന്നി എംഎൽഎ കെയു ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തി അന്വേഷിച്ചിരുന്നു. യാത്ര സംഘടിപ്പിച്ചത് ഓഫീസ് സ്റ്റാഫ്‌ കൗൺസിലാണ്. ഒരാളിൽ നിന്ന് 3000 രൂപ വീതം യാത്രാ ചെലവിന് പിരിച്ചിരുന്നു. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു വരുകയാണ്. ജീവനക്കാരുടെ വിനോദയാത്രക്ക് യാത്രക്ക് സ്പോൺസർ ഉണ്ടായിരുന്നു എന്നതും കളക്ടർ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാറമട മുതലാളിയുടെ ബസ്സിലാണ് വിനോദയാത്ര പോയതെന്ന് എം എൽ എ യും ആരോപിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ ആവശ്യങ്ങൾക്ക് എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ വിനോദയാത്രക്ക് കൂട്ടമായി പോയത്. 63 ജീവനക്കാരിൽ 42 പേരാണ് ഓഫീസിൽ നിന്ന് യാത്ര പോയത്. ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം ഉണ്ടാവുമെന്ന് കളക്ടർ അറിയിച്ചു.

Related Articles

Latest Articles