Friday, October 9, 2026

”ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു, രക്ഷാദൗത്യത്തിന് സഹായിച്ചതിന് നന്ദി”; സെലൻസ്‌കിയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കീവ്: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് സെലൻസ്‌കിയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി (Modi thanks Zelensky for extending help to evacuate Indians from Ukraine). വ്ളോഡിമിർ സെലൻസ്‌കിയുമായി ഫോണിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 35 മിനിറ്റോളം ഇരുവരുടേയും സംഭാഷണം നീണ്ടുവെന്നാണ് സൂചന.

സംഭാഷണ വേളയിൽ യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന ചർച്ചകൾ തുടരുന്നതിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. സുമിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനാവശ്യമായ സഹായം അദ്ദേഹം സെലൻസ്‌കിയോട് ആവശ്യപ്പെട്ടു. ഒഴിപ്പിക്കൽ ദൗത്യം തീരുന്നത് വരെ എല്ലാ പിന്തുണയും വേണമെന്നും പ്രധാനമന്ത്രി സെലൻസ്‌കിയോട് പറഞ്ഞു. യുദ്ധം 12-ാം ദിവസവും തുടരുന്നതിനിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും പ്രധാനമന്ത്രി ഇന്ന് സംസാരിക്കുന്നുണ്ട്.

സമാധാന ശ്രമങ്ങളുമായി ലോകരാജ്യങ്ങൾ റഷ്യയെ ബന്ധപ്പെടുന്നതിനിടെയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പുടിനുമായി ഇന്നും സംസാരിച്ചിരുന്നു. തുടർന്ന് സുമി ഉൾപ്പെടെ നാല് നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം റഷ്യയെ അടക്കിനിർത്താൻ ഏഷ്യൻ കരുത്തരായ ഇന്ത്യയോടും ചൈനയോടും ബ്രിട്ടീഷ് ഭരണകൂടം ആവശ്യപ്പെട്ടു. യുക്രെയ്‌നു മേൽ അതിരൂക്ഷ ആക്രമണം നടത്തുന്ന റഷ്യയെ അനുനയിപ്പിക്കാൻ ഇന്ത്യയുടെയും ചൈനയു ടേയും സംയുക്ത നീക്കമാണ് ബ്രിട്ടൺ അഭ്യർത്ഥിച്ചത്. റഷ്യക്ക് മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡോമിനിക് റാബാണ് മുന്നോട്ടുവെച്ചത്.

ഐക്യരാഷ്‌ട്ര സഭയിലെ സ്ഥിരം അംഗമെന്ന നിലയിൽ റഷ്യയുമായി ചൈനയ്‌ക്ക് മികച്ച ബന്ധമാണുള്ളത്. രക്ഷാ സമിതിയിലെ സ്ഥിരാംഗം എന്ന നിലയിൽ ഇന്ത്യയുടേതും നിർണ്ണായകമായ സ്ഥാനമാണ്. ഇരുരാജ്യങ്ങൾക്കും റഷ്യയുമായി നല്ല ബന്ധമാണുള്ളത്. അതിനാൽ നയതന്ത്രബന്ധം ശക്തമാക്കിയുള്ള നീക്കമാണ് ആവശ്യമെന്നും ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി.

Related Articles

Latest Articles