Monday, May 6, 2024
spot_img

വധ​ഗൂഢാലോചനക്കേസ് റദ്ദാക്കണം; ഹർജി ഹൈക്കോടതിയിൽ; നിർണായക തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായകമായ മൊബൈൽ ഫോണിലെ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുളള പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ ഉളളത്.

കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവൊന്നുമില്ലാത്തത് കൊണ്ട് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്‍റെ വാദം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു എന്നുമാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഇതാണ് പോലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. തുടരന്വേഷണം നടത്തുന്നത് കൃത്രിമ തെളിവുകൾ ഉണ്ടാക്കാനാണെന്നാണ് ദിലീപിന്‍റെ വാദം.

Related Articles

Latest Articles