Thursday, May 2, 2024
spot_img

”ഇനി നമ്മള്‍ ഒന്നിച്ച് മുന്നോട്ട്”, ബൈഡന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തിയെഴുതി ബൈഡന്‍

ദില്ലി: ഡോണാൾഡ്‌ ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാരീസ് ഉടമ്പടിയിൽ വീണ്ടും പങ്കാളിയാകുന്നത് ഉൾപ്പടെ ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന പതിനേഴ് എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് ബൈഡൻ വൈറ്റ്ഹൗസിൽ എത്തിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പിട്ടത്. ആദ്യ 10 ദിവസത്തെ പദ്ധതികൾ ബൈഡൻ നേരത്തേ പുറത്തു വിട്ടിരുന്നു.’അൺ ട്രംപ് അമേരിക്ക’ എന്ന പേരിലാണ് പദ്ധതികൾ. ആദ്യ 100 ദിവസം 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യും.

അതേസമയം കുടിയേറ്റ നിയമങ്ങളിലും സമ്പൂർണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. വർക്ക് വിസ സംവിധാനവും എച്ച്1ബി വിസ നിയമങ്ങളുമെല്ലാം മാറ്റിയേക്കും. ഇന്നലെ ഉച്ചയ്ക്ക് 12ന്( ഇന്ത്യൻ സമയം രാത്രി 10.30) ആയിരുന്നു അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും അധികാരമേറ്റത്. യു.എസ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

46-ാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ആഗോള സമാധാനവും, സുരക്ഷയും മുന്നോട്ട് കൊണ്ടു പോകുന്നതിനും, പൊതുവായ വെല്ലുവിളികള്‍ നേരിടുന്നതിനും, ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും അമേരിക്കയെ നയിക്കുന്നതിനും അധികാരമേറ്റ അമേരിക്കയുടെ പുതിയ നേതാവിന് സാധിക്കട്ടെ എന്ന് ആശംസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എന്നാൽ ദൃഢതയാര്‍ന്നതും ബഹുമുഖവുമായ ഒരു ഉഭയകക്ഷി അജണ്ട നമുക്കുണ്ട്. വളര്‍ന്നുവരുന്ന സാമ്പത്തിക ഇടപെടലുകളും, ജനങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഊര്‍ജ്ജസ്വലമായ ബന്ധവും നമുക്കുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞബദ്ധനാണെന്നും മോദി പറഞ്ഞു.

Related Articles

Latest Articles