Wednesday, May 8, 2024
spot_img

ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാംചരണും എൻടിആറും; ആരെയും ആവേശം കൊള്ളിച്ച് ‘ആർആർആറി’ലെ പുതിയ വിഡിയോ സോങ് പുറത്ത്

ഐതിഹാസിക വിജയം നേടിയ ‘ബാഹുബലി’ക്ക് ശേഷം തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം (RRR) ബോക്സ്ഓഫീസിൽ വൻ വിജയം നേടി കുതിക്കുകയാണ്. രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ സോങ് പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ “നാട്ടു നാട്ടു..” എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. തിയേറ്ററുകളിലും പ്രേക്ഷകരെ ആവേശത്തിലാക്കിയ ഗാനമായിരുന്നു ഇത്. നായകന്മാരായ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ഗാനത്തിലെ ആവേശം കൊള്ളിക്കുന്ന , ത്രസിപ്പിക്കുന്ന നൃത്തചുവടുകളാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ഗാനത്തിൻറെ വിഡിയോ സോങാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അതേസമയം കഴിഞ്ഞദിവസം മറ്റൊരു അഭിമാനകരമായ നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരുന്നു, ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബില്‍ ചിത്രം ഇടംപിടിക്കുകയുണ്ടായി.1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ‘ആർആർആർ. ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയാണ് ആര്‍ആര്‍ആര്‍. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് ഇതുവരെ 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ഇന്ത്യൻ ചിത്രങ്ങള്‍.എന്നാൽ ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു. എന്നാൽ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്‌രംഗി ഭായിജാൻ,​സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ഇപ്പോൾ ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.

കോവിഡ് കാരണം പല തവണ റീലീസ് മാറ്റി വച്ച് ഒടുവിൽ ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു. മാത്രമല്ല ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. അതേസമയം കോവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ കൂടിയായിരുന്നു ഇത്. 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തിയത്. ഭീമും രാമരാജുവുമായി ജൂനിയർ എൻ.ടി.ആറും രാംചരണും നിറഞ്ഞാടിയ ഈ ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായി എത്തിയത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായിരുന്നു.കൂടാതെ തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് ആണ് റൈറ്റ്സ് സ്വന്തമാക്കിയ കമ്പനികള്‍.

Related Articles

Latest Articles