Monday, April 29, 2024
spot_img

നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ബിഹാറിൽ എൻ ഡി എ സർക്കാർ നാളെ? 10 കോൺഗ്രസ് എംഎൽഎമാരും ബിജെപി പക്ഷത്തേക്ക് വരാൻ സാദ്ധ്യത

നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതോടെ ബിഹാറില്‍ വരാനിരിക്കുന്ന സഖ്യസര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് സൂചന. മഹാസഖ്യംവിട്ട് എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍.

17-ാം നിയമസഭയില്‍ ആദ്യത്തെ രണ്ടുവര്‍ഷം എന്‍.ഡി.എക്കൊപ്പമായിരുന്ന നിതീഷിന്റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. സമാന ഫോര്‍മുലയാവും നിതീഷ് തിരിച്ചെത്തുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍.ഡി.എ. കൈക്കൊള്ളുക.

ജനുവരി 29 ന് പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. 2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്.

അതേസമയം കോണ്‍ഗ്രസിന്റെ പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇവരുമായി ബിജെപി സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ കോണ്‍ഗ്രസിന് ആകെ 19 എംഎല്‍എമാരാണുള്ളത്. സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങളുമായി ആര്‍ജെഡി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Related Articles

Latest Articles