ഡെറാഡൂൺ: ബഹിരാകാശ മേഖലയുടെ നിരീക്ഷണ വൈദഗ്ധ്യത്തിൽ ഇന്ത്യയും ഇനി ഇടം പിടിക്കുന്നു. അമേരിക്കയും റഷ്യയും ചൈനയും കയ്യടക്കിയിരിക്കുന്ന ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളോട് കിടപിടിക്കുന്ന വാന നിരീക്ഷണ കേന്ദ്രമാണ് ഇന്ത്യയിൽ പ്രവർത്തന സജ്ജമാകാൻ പോകുന്നത്. ഉത്തരാഖണ്ഡിലെ ഗഡ്വാൾ മലനിരകളിലാണ് സംവിധാനം ഒരുങ്ങുന്നത്. ബഹിരാകാശ സംവിധാനങ്ങളെ മുഴുവൻ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അത്യാധുനിക ദൂരദർശിനികളും റഡാറുകളുമടക്കം വലിയൊരു പ്രദേശത്താണ് കേന്ദ്രം സജ്ജമാക്കുന്നത്. ദിഗന്തര എന്ന സ്റ്റാർട്ടപ്പ് കമ്പനിയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ബഹിരാകാശത്തെ അന്തരീക്ഷ മാറ്റങ്ങളെ യഥാസമയം അറിയാൻ സാധിക്കുന്ന സംവിധാനമാണ് തയ്യാറാകുന്നത്. ബഹിരാകാശത്തെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം, സുരക്ഷ, ഉൽക്കകളുടെ വരവ്, മറ്റ് ബഹിരാകാശ മാലിന്യങ്ങൾ, ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ മൂലമുള്ള ഭീഷണി എല്ലാം നിരീക്ഷിക്കുന്ന സംവിധാനമാണ് സ്ഥാപിക്കുന്നത്. ചൈനയുടേയും റഷ്യയുടേയും ഉപഗ്രഹ ങ്ങളുടെ നിരീക്ഷണവും നടത്തുന്നതിനാൽ പ്രതിരോധ മേഖലയിലും ഇന്ത്യയുടെ കേന്ദ്രം തന്ത്രപരമായ സഹായം നൽകും.
നിലവിൽ അമേരിക്കയാണ് ഈ മേഖലയിൽ സമഗ്രമായ സംവിധാനമുള്ള രാജ്യം. മറ്റ് രാജ്യങ്ങളെല്ലാം നാസയുടെ സഹായമാണ് അവരുടെ ഉപഗ്രഹ നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളിൽ ബഹിരാകാശ നിരീക്ഷണ നിലയങ്ങൾ അമേരിക്ക സ്ഥാപിച്ചിട്ടുണ്ട്.

