Thursday, May 2, 2024
spot_img

ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി എൻഐഎയും, സൈന്യവും; കശ്മീരിൽ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; നിരവധി ഭീകരർ പിടിയിലായതായി സൂചന

കശ്മീർ: കശ്മീരിൽ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി എൻഐഎ (NIA). ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎയുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ്. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.

ചൻപോരയിൽ ഹംദാൻ കോളനിയിലെ റാഷിദ് ഭട്ട്, ഫഹദ് അലി വാനി, ഭാഗ്-ഇ-മെഹ്തബിലെ ഗവൺമെന്റ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഫുർകാൻ ഇമ്രാൻ അഖൻ എന്നിവരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തി.വിവിധ തീവ്രവാദ ശൃംഖലകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനാണ് നീക്കം. പരിശോധനകൾക്ക് പിന്നാലെ 12ഓളം പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും എൻഐഎയുടെ നേതൃത്വത്തിൽ പരിംപോറ, ചട്ടബൽ, ചനപോര, സോളിന, ചട്ടബൽ ഉൾപ്പെടെയുള്ള 16 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു.

ഈ മാസം മാത്രം 11 സാധാരാണക്കാരാണ് കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കശ്മീരിലേക്ക് എത്തിയ ആളുകൾ എത്രയും വേഗം ഒഴിഞ്ഞ് പോകണമെന്ന് ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. കശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടയുകയാണ് ഭീകരരുടെ ലക്ഷ്യമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ദിവസങ്ങളിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്. വീണ്ടും ആക്രമണം ഉണ്ടാകാനുള്ള സാഹചര്യത്തിൽ നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വനമേഖലയിൽ വൻ ആയുധ ശേഖരവുമായി ആറ് ഭീകരരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് അനുമാനം. ഇന്നും ജമ്മുവിൽ തുടരുന്ന കരസേനാ മേധാവി എം.എം നരവനെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.

Related Articles

Latest Articles