Thursday, May 23, 2024
spot_img

ഓപ്പറേഷൻ ആഗ്:ഗുണ്ടകൾക്കെതിരെ പോലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ക്രിമിനലുകൾ പിടിയിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പോലീസ്
നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളാണ് പോലീസ് കസ്റ്റഡിയിലായത്. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകൾ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തർ സംസ്ഥാന മോഷ്ടാവ് ജാഫർ എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലിൽ 181 പേർ പിടിയിലായി.

കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകൾ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി നടന്ന വ്യാപക പരിശോധയിൽ 69 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. മാറാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ക്വട്ടേഷൻ സംഘത്തെയും പോലീസ് പിടികൂടി. ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലെ അറസ്റ്റ്. പിടിയിലായവരുടെ വിശദമായ വിവരശേഖരണം നടത്തും. തുടർന്നാവും ഇവർക്കെതിരെ എന്ത് നടപടികളെടുക്കണെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

കോട്ടയത്ത് കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട അഞ്ച് ഗുണ്ടകൾ ഉൾപ്പെടെ നൂറിലേറെ ക്രിമിനലുകളെ കരുതൽ തടങ്കലിൽ ആക്കി. പാലക്കാട് ജില്ലയിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 165 ഓളം വീടുകളിൽ പോലീസ് സംഘം പ്രത്യേക പരിശോധന നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ 81 പേരെയാണ് കസ്റ്റഡിയിലെടുത്തത്. എല്ലാവരുടെയും നിലവിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി. മൊബൈൽ ഫോൺ അടക്കം വിശദമായി പരിശോധിച്ച ശേഷം വിട്ടയച്ചു. തൃശ്ശൂർ റൂറലിൽ 92 പേരെ കരുതൽ തടങ്കലിലാക്കി. വാറണ്ട് പ്രതികളിൽ 37 പേരെ കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles