Tuesday, May 7, 2024
spot_img

ഉമ്മൻചാണ്ടിക്ക് പകരമാര്? പുതുപ്പള്ളിയിൽ ജനം ഇന്ന് വിധിയെഴുതും; വോട്ടെണ്ണൽ സെപ്റ്റംബർ 8ന്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജനം ഇന്ന് വിധിയെഴുതും. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ.

182 പോളിങ് ബൂത്തുകളിൽ നാലെണ്ണം പ്രശ്‌നബാധിത പട്ടികയിൽ ഉൾപ്പെട്ടതാണ്. എല്ലായിടത്തും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഗ്രിഗോറിയൻ സ്‌കൂളിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് മണർകാട് യു.പി. സ്‌കൂളിലും വോട്ട് ചെയ്യാനെത്തി. ലിജിൻ ലാലിന് പുതുപ്പളളി മണ്ഡലത്തിൽ വോട്ടില്ല.

90,281 സ്ത്രീകളും 86,132 പുരുഷന്മാരുമടക്കം 1,76,417 വോട്ടർമാരാണ് പുതുപ്പളളിയിലുള്ളത്. 957 കന്നിവോട്ടർമാരും ഇക്കുറി പുതുപ്പള്ളിയിലുണ്ട്. അരനൂറ്റാണ്ട് കാലം യുഡിഎഫിനെ കൈവിടാത്ത മണ്ഡലമാണ് പുതുപ്പളളി. പുതുപ്പള്ളി മാറ്റത്തിന് തയാറാണെന്നും മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇടത്- വലത് കൂട്ടുകെട്ടിന്റെ പൊളളത്തരങ്ങൾ ചൂണ്ടിക്കാട്ടി മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

പുതുപ്പള്ളിയടക്കം രാജ്യത്തെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിലെ പുതുപ്പള്ളിക്ക് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles