Saturday, May 25, 2024
spot_img

എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ അന്യ​ഗ്രഹ ജീവിയുടെ ചിത്രങ്ങൾ; ‘ഡോൺ ബോസ്കോ’ എന്ന പേരിൽ സന്ദേശങ്ങൾ അയച്ചിരുന്നത് നവീൻ? ദുരൂഹതകൾക്ക് പിന്നാലെ പോലീസ്

തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുണാചലിലേക്കുള്ള യാത്രയ്‌ക്ക് മുൻപ് നവീൻ എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ നിന്ന് മൂർച്ചയുള്ള ചെറിയ കത്തികളും ക്രിസ്റ്റലുകളും അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളും പോലീസിന് ലഭിച്ചു. അന്യ​ഗ്രഹ ജീവിതത്തിലേക്ക് ആകൃഷ്ടരാകാൻ ആര്യേയും ദേവികയേയും സ്വാധീനിച്ചത് നവീൻ ആയിരുന്നുവെന്നാണ് പോലീസ് നി​ഗമനം.

ഡോൺ ബോസ്കോ എന്ന പേരിൽ ആര്യക്ക് ചില ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. 2021 മുതലാണ് സന്ദേശങ്ങൾ വന്നുതുടങ്ങിയത്. ഇതിന് പിന്നിൽ നവീൻ ആയിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. രഹസ്യ കോഡ് ഉപയോ​ഗിച്ചായിരുന്നു ആശയവിനിമയം. നവീൻ തന്നെയാണോ ഡോൺ ബോസ്കോയെന്ന് സ്ഥിരീകരിക്കാൻ ജി-മെയിലുമായി ബന്ധപ്പെട്ടിരിക്കുകയാണ് പോലീസ്. വരും ദിവസങ്ങൾ ജി-മെയിൽ അധികൃതർ ഔദ്യോ​ഗിക വിവരങ്ങൾ വെളിപ്പെടുത്തിയേക്കും. അന്വേഷണത്തിന്റെ പുരോ​ഗതി വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. സിറ്റി പോലീസ് കമ്മീഷണർ നാളെ മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

മരണാനന്തര ജീവിതം തേടിയുള്ള യാത്രയുടെ ഭാ​ഗമായി മൂവരും ജീവനൊടുക്കിയെന്നാണ് കരുതുന്നത്. ആര്യയേയും ദേവികയെയും കൊലപ്പെടുത്തി നവീൻ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അന്യ​ഗ്രഹ ജീവിതമുണ്ടെന്ന് മൂവരും വിശ്വസിച്ചിരുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചുകഴിഞ്ഞു.

Related Articles

Latest Articles