കൊച്ചി: പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ കേസിൽ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം നല്കണമെന്ന കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത സർക്കാരിനില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. ഡിസംബര്‍ 22 നാണ് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്.
കൂടാതെ ഉത്തരവില്‍ കോടതിച്ചെലവായി 25,000 രൂപയും കെട്ടിവയ്ക്കണമെന്നും പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

