Sunday, June 16, 2024
spot_img

സ്വകാര്യ ബസ് സമരം തുടങ്ങി; കെഎസ്ആർടിസി സർവീസ് കൂട്ടി; തിരുവനന്തപുരം ന​ഗരത്തിൽ സമരമില്ല

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന വൈകുന്നതിനെ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. കൂടുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അത്തരത്തിൽ സർവീസ് തുടങ്ങിയിട്ടില്ല. തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിച്ചിട്ടുണ്ട്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

ബസ് ചാർജ്ജ് വർധനവ് ആവശ്യപ്പെട്ട് പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഓരോ തവണ ചര്‍ച്ച കഴിയുമ്പോഴും ബസ് ചാര്‍ജ് കൂട്ടും എന്നല്ലാതെ എത്ര കൂട്ടും എപ്പോള്‍ നടപ്പിലാക്കും എന്ന ഉറപ്പ് മന്ത്രിയില്‍ നിന്ന് കിട്ടിയിരുന്നില്ല. ഇതാണ് ബസുടമകളെ ചൊടിപ്പിച്ചത്. ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് അവരുടെ മറുപടി. ഇന്ധന കമ്പനികൾ വീണ്ടും ഡീസല്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ നഷ്ടം സഹിക്കാനാകാത്തതിനാലാണ് സമരം തുടങ്ങുന്നതെന്നും ബസുടമകള്‍ വ്യക്തമാക്കി.

Related Articles

Latest Articles