കണ്ണൂർ : നിടുംപൊയിലിന് സമീപം വാരപീടികയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. ബെംഗളൂരു നോർത്ത് മുത്തയലങ്ങ എച്ച് 33 ജെപി പാർക്കിലെ വി.അംബരീഷ–ജയശ്രീ ദമ്പതികളുടെ മകൻ റോഹൻ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30ന് ആയിരുന്നു അപകടം. തലശേരിയില്‍നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കര്‍ണാടകയിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണു കൂട്ടിയിടിച്ചത്.
വാരപ്പീടികയിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, എതിരെ വരികയായിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അമേരിക്കയിലേക്ക് പോകാൻ ജോബ് ലെറ്റർ ലഭിച്ചു കാത്തിരിക്കുന്നതിനിടെയാണ് റോഹന്റെ അപ്രതീക്ഷിത മരണം.പേരാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

