Saturday, May 4, 2024
spot_img

മരക്കാര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി; ‘വ്യാജപതിപ്പ് കാണാതിരിക്കുക’; പ്രതികരണവുമായി പ്രിയദര്‍ശന്‍

മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് സംവിധായകൻ പ്രിയദര്‍ശന്‍. ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ കാണരുതെന്നും അത് നിയമവിരുദ്ധമാണെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു. റിലീസിനു ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’
എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.
ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലായാണ് ചിത്രം ആദ്യ ദിവസം തന്നെ എത്തിയത്. റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ഇപ്പോൾ യുഎഇയിൽ വരുമാനത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് മരക്കാർ. ആദ്യ ദിവസം തന്നെ യുഎഇയിൽ നിന്ന് 2.98 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles