Saturday, May 25, 2024
spot_img

അല്ലു ആരാധകരുടെ കാത്തിരിപ്പിന് വിരാമം: ‘പുഷ്‍പ’ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിച്ചു; ചിത്രം വൈകാനുള്ള കാരണം വ്യക്തമാക്കി റാഫി മതിര

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളെ ഏറെ ആകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ. കഴിഞ്ഞ ദിവസം റിലീസ് ചെയ്തെങ്കിലും മലയാളം പതിപ്പ് ഇന്നാണ് ആരാധകരിലേക്ക് എത്തിയത്. സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യപ്പെട്ട ഇന്നലെ കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് വിതരണക്കാര്‍ റിലീസ് ചെയ്‍തത്. ചിത്രത്തിൽ അല്ലു അർജുൻ നായകനും ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലുമെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരുന്നത്. എന്നാൽ കേരളത്തിൽ ആദ്യ ദിവസം മലയാളം പതിപ്പ് റിലീസ് ചെയ്തില്ല. പകരം തമിഴ് പതിപ്പാണ് എത്തിയത്. ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. സാങ്കേതികമായുണ്ടായ കാരണങ്ങൾകൊണ്ടാണ് മലയാളം പതിപ്പ് മാത്രം ആരാധകരിൽ എത്താതിരുന്നത്. ഓഡിയോ സംബന്ധിച്ച പ്രശ്‍നങ്ങളാണ് മലയാളം പതിപ്പ് വൈകാന്‍ ഇടയാക്കിയതെന്ന് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളം പതിപ്പ് ഒരു ദിവസം വൈകാന്‍ ഇടയാക്കിയ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അല്ലുവിന്‍റെ മുന്‍ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരായ ഐഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ റാഫി മതിര.

പുഷ്‍പ മലയാളം പതിപ്പ് വൈകാനിടയായതിനെക്കുറിച്ച് റാഫി മതിര

അല്ലു അർജുൻ ചിത്രം പുഷ്പയുടെ മലയാളം പതിപ്പ് ഇന്നു മുതല്‍ എല്ലാ കേന്ദ്രങ്ങളിലും. മലയാളികളുടെ ദത്തുപുത്രന്‍ അല്ലുവിന്‍റെ പുഷ്പ ലോകമെമ്പാടും ഇന്നലെ റിലീസ് ചെയ്‌തെങ്കിലും മലയാളം പതിപ്പ് ഇന്നലെ പ്രദര്‍ശനം ഉണ്ടായിരുന്നില്ല. അതിനു കാരണം സെന്‍സര്‍ ലഭിക്കാത്തതായിരുന്നു. തെലുങ്കില്‍ സെന്‍സര്‍ ലഭിച്ച ഏതൊരു സിനിമയും ഏതു ഭാഷയിലേയ്ക്കു സെന്‍സര്‍ ചെയ്യണമെങ്കിലും ഒറിജിനല്‍ പതിപ്പ് സെന്‍സര്‍ ചെയ്തിടത്ത് തന്നെ ചെയ്യേണ്ടി വരും. സെന്‍സറിനു വേണ്ട നടപടികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വളരെ പ്രയാസമാണ്.

കേരളത്തില്‍ ഞാന്‍ എത്തിച്ച അല്ലുവിന്‍റെ 2013-ലെ സിനിമയായ റോമിയോ ആന്‍റ് ജൂലിയറ്റ്സ് തെലുങ്ക് റിലീസിനൊപ്പം മലയാളത്തിലും പ്രദര്‍ശിപ്പിക്കാന്‍ സെന്‍സറിനു വേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. അനവധി കടമ്പകള്‍ കടന്നിട്ടാണെങ്കിലും തെലുങ്ക് റിലീസിനൊപ്പം തന്നെ മലയാളം പതിപ്പും റിലീസ് ചെയ്യാന്‍ അന്നെനിക്ക് കഴിഞ്ഞിരുന്നു.

എന്നാൽ ഇന്നലെ സെന്‍സര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലെ പ്രദര്‍ശനം മുടങ്ങാതെ തമിഴ് പതിപ്പ് പ്രദര്‍ശിപ്പിച്ചാണെങ്കിലും അല്ലു ആരാധകരുടെ ആഗ്രഹം നിറവേറ്റിയതില്‍ വിതരണക്കാര്‍ പ്രശംസയര്‍ഹിക്കുന്നു. സതീഷ്‌ മുതുകുളത്തിന്‍റെ സ്ക്രിപ്റ്റും സിജു തുറവൂരിന്‍റെ ഗാനങ്ങളും ജിസ് ജോയിയുടെ ശബ്ദവും ഫഹദ് ഫാസിലിന്‍റെ കിടിലന്‍ വില്ലന്‍ കഥാപാത്രവും അല്ലുവിന്‍റെ തീപാറുന്ന പെര്‍ഫോമന്‍സും ആരാധകര്‍ക്ക് ആസ്വാദ്യകരമായിരിക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല ഈ സിനിമയുടെ പൈറേറ്റഡ് കോപ്പി തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രചരിക്കുന്നുണ്ട്. അല്ലു ആരാധകര്‍ ആരും അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മലയാളം പതിപ്പ് ഇന്ന് തന്നെ തിയറ്ററുകളിലെത്തി കാണൂ. പുഷ്പ ഒരു വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.

Related Articles

Latest Articles