ദില്ലി: റിയാലിറ്റി ഷോയിൽ പ്രധാനമന്ത്രിയെ അവഹേളിച്ച സംഭവത്തിൽ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന് നോട്ടീസ് അയച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.
തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലയുടെ നിർദ്ദേശപ്രകാരം ബിജെപി തമിഴ്‌നാട് ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന പ്രസിഡന്റ് സിടിആര്‍ നിര്‍മല്‍ കുമാര്‍ നല്‍കിയ പരാതിയില്‍ അഭിപ്രായം തേടിയാണ് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നോട്ടീസ് അയച്ചത്.
സീ തമിഴ് ടി വി ചാനല്‍ ഇക്കഴിഞ്ഞ ജനുവരി 15ന് സംപ്രേക്ഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ്‍ 4 ന് എതിരെയാണ് മന്ത്രാലയത്തിന് പരാതി ലഭിച്ചത്. ഈ റിയാലിറ്റി ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു പരാതി.
സീ തമിഴ് ചാനലിലെ കുട്ടികളുടെ റിയാലിറ്റി ഷോ ആയ ജൂനിയര്‍ സൂപ്പര്‍ സ്റ്റാറിൽ ഒരു എപ്പിസോഡില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചുയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഐ സെൽ പരാതി നൽകിയത്.
തുടര്‍ന്ന് ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ചാനലിന് നോട്ടീസ് അയച്ചു. പരാതിയുടെ ഒരു കോപ്പി നോട്ടിസിനൊപ്പം പങ്കുവച്ചിട്ടുണ്ട്.


