ദില്ലി: ചൈനയിലെ ആരോഗ്യസാഹചര്യങ്ങളിൽ അസ്വാഭാവികതയില്ലെന്ന് കേന്ദ്ര സർക്കാർ. ആശങ്കയുടെ സാഹചര്യമില്ലെന്നും ജനങ്ങളോട് ശാന്തരായിരിക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനം. ശ്വാസകോശ അണുബാധ തടയാൻ രാജ്യത്ത് ശക്തമായ സംവിധാനങ്ങളുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെയും കേന്ദ്ര ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ദില്ലിയിൽ ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചൈനയിൽ കോവിഡിന് സമാനമായ ശ്വാസകോശ അണുബാധ വർധിക്കുന്നതായും ആശുപത്രികൾ നിറഞ്ഞു കവിയുന്നതായും നിരവധിപേർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ശൈത്യകാലത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന നേരിയ വർദ്ധന മാത്രമേ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളൂ എന്നാണ് ചൈനയുടെ പ്രതികരണം.
ഡിസംബർ 16 മുതൽ 22 വരെയുള്ള വിവരങ്ങൾ പ്രകാരം ഇത്തരത്തിൽ ഇൻഫ്ളുവൻസ വൈറസ് ബാധയേറ്റവരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നവരേക്കാൾ കുറവാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ചൈനയിൽ നിന്നും യഥാർത്ഥ വിവരങ്ങൾ പുറത്തുവരാത്തതിനാൽ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങൾ ചൈന യഥാസമയം പുറത്തുവിടാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിദേശത്ത് നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

